കാഞ്ഞിരപ്പള്ളി: വർഷങ്ങളുടെ പഴക്കമുള്ള, കാഞ്ഞിരപ്പള്ളി ടൗണിൽ നിന്ന് ഏറെ ദൂരം ഇല്ലാത്ത കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂളും പരിസരവും കാടുകയറിയ നിലയിൽ.
നൂറുകണക്കിനു വിദ്യാർഥികൾ പഠിക്കുന്ന ഹൈസ്കൂളിന്റെ സമീപമുള്ള ശൗചാലയമാണ് കാടുപിടിച്ച നിലയിലുള്ളത്. മുകൾ ഭാഗത്തെ ആസ്ബറ്റോസ്ഷീറ്റ് കാണാൻ കഴിയാത്ത വിധമാണ് കാടുമൂടിക്കിടക്കുന്നത്.
ഇവിടം കാടുപിടിച്ച് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ താവളമായി മാറി. വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം. എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കി പുതിയ കെട്ടിടത്തിന്റെ നിർമാണം നടന്നുവരുന്നു. നിലവിൽ സ്കൂളിന്റെ പ്രവർത്തനം പഴയകെട്ടിടത്തിലാണ്. 100 വർഷത്തോളം പഴക്കമുണ്ട് കുന്നുംഭാഗം ഗവൺമെന്റ് സ്കൂളിന്.
ഇവിടെ പഠിച്ചിറങ്ങിയ വിദ്യാർഥികളിൽ നിരവധിപ്പേർ സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. നിരവധി കായികപ്രതിഭകളെയും സ്കൂൾ സംഭാവന നൽകിയിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെ നിർമാണം ഊർജിതമാക്കണമെന്നും സ്കൂളും പരിസരവും വൃത്തിയാക്കണമെന്നുമുള്ള ആവശ്യവും ശക്തമായിട്ടുണ്ട്.
സുൽത്താൻ ബത്തേരിയിൽ സ്കൂളിലെ ക്ലാസിലിരുന്ന വിദ്യാർഥി പാമ്പുകടിയേറ്റു മരണപ്പെട്ടതോടെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളും ആശങ്കയിലാണ്. ബത്തേരിയിലെ വിദ്യാർഥിക്ക് ഉണ്ടായ അവസ്ഥ ഇവിടത്തെ വിദ്യാർഥികൾക്ക് ഉണ്ടാകാതിരിക്കാൻ സ്കൂൾ അധികൃതരും പിടിഎയും ശ്രദ്ധിക്കണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.