വൈപ്പിൻ: പതിനാറുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 38കാരനായ കോഴിക്കടക്കാരൻ അറസ്റ്റിൽ. ഞാറയ്ക്കൽ കിഴക്ക് ഭാഗത്തു വീടിനോട് ചേർന്നു കോഴിക്കട നടത്തുന്ന ചാത്തനാട്ട് സാബുവാണ് അറസ്റ്റിലായത്.
പ്രതിയെയും ബാലികയെയും തൃപ്പൂണിത്തുറയിൽനിന്നു വെള്ളിയാഴ്ച വൈകുന്നേരമാണു ഞാറയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകിയാണു കടത്തിക്കൊണ്ടുപോയതെന്നു പറയുന്നു. ബാലികയെ കാണാതായതിനെത്തുടർന്നു വീട്ടുകാർ ഞാറയ്ക്കൽ പോലീസിൽ പരാതി നൽകിയിരുന്നു.
ഞാറയ്ക്കൽ സിഐ എം.കെ. മുരളി, എസ് ഐ സംഗീത് ജോബ് എന്നിവരുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്നു വ്യക്തമായെന്നു പോലീസ് അറിയിച്ചു. സാബുവിനെതിരേ തട്ടിക്കൊണ്ടുപോകലിനാണു കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.