തിരുവനന്തപുരം: പിഎസ്സി പരീക്ഷാതട്ടിപ്പുകേസിൽ നിർണായക തെളിവുമായി ക്രൈംബ്രാഞ്ച്. തട്ടിപ്പിനുപയോഗിച്ച മൊബൈൽ ഫോണ് ബംഗളൂരുവിലെ ഇതരസംസ്ഥാന തൊഴിലാളിയിൽനിന്നു കണ്ടെത്തി. ക്രൈംബ്രാഞ്ചും ഹൈടെക് സെല്ലും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു ഫോണ് കണ്ടെത്തിയത്. പിഎസ്സി തട്ടിപ്പുകേസിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് മുഴുവൻ തെളിവുകളും നശിപ്പിച്ചെന്നായിരുന്നു പ്രതികളുടെ മൊഴി.
തട്ടിപ്പിനുപയോഗിച്ച മൊബൈൽ ഫോണും നശിപ്പിച്ചതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു. എന്നാൽ, ഈ മൊബൈൽ ഫോണ് ഇവർ പാളയത്തെ ഒരു മൊബൈൽ ഷോപ്പിൽ വിൽക്കുകയായിരുന്നു. പിന്നീട് ഇവിടെനിന്ന് ഇതരസംസ്ഥാന തൊഴിലാളിയാണ് ഈ ഫോണ് വാങ്ങിയത്. ഫോണ് വാങ്ങിയ ആൾ ബംഗളൂരുവിലുണ്ടെന്നു കുറച്ചു ദിവസങ്ങൾക്കു മുൻപു ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു.
അഞ്ചു ദിവസം മുൻപാണ് ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കുപോയത്. അതിനുമുൻപ് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ.തച്ചങ്കരി ബംഗളൂരു പോലീസുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. ബംഗളൂരു നഗരത്തിൽനിന്ന് ഏകദേശം 13 കിലോമീറ്റർ അകലെയുള്ള യശ്വന്ത്പൂരിലാണ് ഫോണ് ഉപയോഗിക്കുന്ന ആളുടെ ടവർ ലൊക്കേഷൻ കണ്ടെത്തിയത്.
രണ്ടു ലക്ഷത്തോളം പേർ താമസിക്കുന്ന സ്ഥലത്ത് തെരച്ചിൽ ദുഷ്കരമായിരുന്നുവെന്നു ക്രൈംബ്രാഞ്ച് പറയുന്നു. കുടുംബാരോഗ്യ സർവേ നടത്താനെന്ന പേരിലാണ് ക്രൈംബ്രാഞ്ച് സംഘം ഹൈടെക് സെൽ സംഘത്തോടൊപ്പം കോളനികളിൽ പരിശോധന നടത്തിയത്. ഫോണ് ഉപയോഗിക്കുന്ന ആളുടെ ഫോട്ടോയും ഇതിനകം പോലീസ് ശേഖരിച്ചിരുന്നു.
ബംഗളൂരു പോലീസിലെ കോണ്സ്റ്റബിൾ വഴി ഇയാളുമായി ഫോണിൽ ബന്ധപ്പെടുകയും യശ്വന്ത്പൂരിലെ ഒരു സ്ഥലത്തേക്കു വിളിച്ചുവരുത്തുകയും ചെയ്താണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിൽ ജോലിക്കെത്തിയപ്പോഴാണ് ഫോണ് വാങ്ങിയതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞത്. മുണ്ടക്കയത്തുവച്ചു ഫോണ് നശിപ്പിച്ചെന്നായിരുന്നു പരീക്ഷാതട്ടിപ്പു കേസിലെ പ്രതികൾ മുൻപു പറഞ്ഞിരുന്നത്. ഫോണ് പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗത്തിനു നൽകും.
പിഎസ്സി യുടെ കെഎപി നാലാം ബറ്റാലിയൻ പരീക്ഷയിലാണു തട്ടിപ്പു നടന്നത്. ശിവരഞ്ജിത്, നസീം, പ്രണവ്, സഫീർ, ഗോകുൽ എന്നിവരാണ് ഈ കേസിലെ പ്രധാന പ്രതികൾ. മൊബൈൽ ഫോണിന്റെ സഹായത്തോടെ സ്മാർട് വാച്ച് ഉപയോഗിച്ചു തട്ടിപ്പു നടത്തിയതായാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.