മുംബൈ: മഹാരാഷ്ട്രയില്‍ ശരത് പവാറിന് വീണ്ടും പിന്തുണ അറിയിച്ച് എന്‍സിപി നേതാവ് ധനഞ്ജയ് മുണ്ടെ. അജിത് പവാറുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ ശ്രമിക്കുന്ന ദേവേന്ദ്ര ഫഡ്നാവിസിന് പാർട്ടിയെ ഒറ്റുകൊടുത്തിട്ടില്ലെന്ന് മുണ്ടെ പറഞ്ഞു. താൻ പാർട്ടിക്കും പവാറിനുമൊപ്പമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ബിജെപി കുടുംബത്തില്‍ നിന്നുള്ള നേതാവായതിനാല്‍ മുണ്ടെയ്ക്കെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഫഡ്നാവിസിനെ മുണ്ടെ സഹായിച്ചെന്നും അജിത് പവാറിനെ ബിജെപി ക്യാമ്പിലെത്തിക്കാന്‍ പ്രവര്‍ത്തിച്ചത് മുണ്ടെ ആണെന്നും ആരോപണമുണ്ടായിരുന്നു.
എന്നാല്‍ ഈ സംഭവ വികാസങ്ങള്‍ക്ക് ശേഷം ശരത് പവാര്‍ വിളിച്ച യോഗത്തില്‍ മുണ്ടെ പങ്കെടുത്തിരുന്നു. താൻ പാർട്ടിക്കൊപ്പമാണ്. പവാറിനൊപ്പമാണ് താൻ. ദയവുചെയ്ത് കിംവദന്തികള്‍ പ്രചരിപ്പിക്കരുത്.’, മുണ്ടെ ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ടെ. മുണ്ടെ കുടുംബത്തിന്റെ ശക്തികേന്ദ്രമായ പാര്‍ലിയില്‍ ഗോപിനാഥ് മുണ്ടെ തന്റെ മകള്‍ പങ്കജയെ രംഗത്തിറക്കിയതോടെ ധനഞ്ജയ് ബിജെപി വിട്ട് എന്‍സിപിയില്‍ ചേരുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പങ്കജയെ പരാജയപ്പെടുത്തിയാണ് ധനഞ്ജയ് എംഎൽഎയായത്.