നിയാസ് മുസ്തഫ
പാതിരാ നാടകം പാഴായേക്കും. അജിത് പവാറിനെ വിശ്വസിച്ച് സർക്കാരുണ്ടാക്കാൻ പുറപ്പെട്ട ബിജെപി നാണംകെടാനുള്ള സാധ്യത ഏറി. എന്‍സിപിയെ പിളർത്തി സർക്കാരുണ്ടാക്കിയെങ്കിലും അജിത് പവാറിന്റെ ‘പവർ’ ചോർന്നത് ബിജെപിക്ക് തിരിച്ചടിയായി. എന്‍സിപിയിലെ ബഹുഭൂരിപക്ഷം എംഎൽഎമാരും തന്റെ പോക്കറ്റിലാണെന്നായിരുന്നു അജിത് പവാറിന്റെ വാദം. ഈ വാദത്തിൽ ബിജെപി പെട്ടുപോയെന്ന് പറയുന്നതാവും സത്യം.
കാര്യത്തോടടുത്തപ്പോൾ അജിത് പവാറിന്റെ കൂടെ നിന്ന എംഎൽഎമാരെല്ലാം ശരത് പവാറിനൊപ്പം പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അജിത് പവാറിനൊപ്പം നിലവിൽ ഒരു എംഎൽഎ മാത്രമാണ് ഉള്ളത്. ആകെയുള്ള 54എംഎൽഎമാരിൽ 52പേരും ശരത് പവാറിനൊപ്പം ചേർന്നു കഴിഞ്ഞു. ശിവസേനയുടെ 56ഉം കോൺഗ്രസിന്റെ 44ഉം എന്‍സിപിയിലെ 52ഉം ചേരുന്പോൾ 152 എന്ന സംഖ്യയിലെത്തും. 288അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനുവേണ്ടത് 145 ആണ്. 152നോടൊപ്പം സ്വതന്ത്ര പക്ഷത്ത് നിൽക്കുന്ന എട്ടുപേരുടെ പിന്തുണ കൂടി ത്രികക്ഷികൾക്കുണ്ടെന്നാണ് അവകാശവാദം.
പാർലമെന്റ് പ്രക്ഷുബ്ധമാകും
ഒരു രാത്രികൊണ്ട് എല്ലാം തകടിം മറിച്ച് ബിജെപി അധികാരം പിടിച്ച സംഭവം ഇന്ന് പാർലമെന്റിനെയും പ്രക്ഷുബ്ധമാക്കും. പാർലമെന്റിന്റെ ഇരു സഭയിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. വിഷയം ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ശിവസേനയും നോട്ടീസ് നൽകിയിട്ടുണ്ട്. പാർലമെന്റ് സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രക്ഷോഭത്തിനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകളെല്ലാം ശിവസേനയുടെ എംപിമാർ സ്വീകരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്.
ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്തു, ജനാധിപത്യ മര്യാദകൾ കാറ്റിൽപ്പറത്തി എന്നൊക്കെയാണ് പ്രതിപക്ഷ ആരോപണം. എല്ലാ നീക്കങ്ങളും നടന്നത് അർധരാത്രിയിലാണ്. രാഷ്ട്രപതി ഭരണം പിൻവലിച്ച് സർക്കാർ രൂപവത്കരിക്കാൻ കേന്ദ്രമന്ത്രിസഭ എപ്പോഴാണ് തീരുമാനം എടുത്തത്? രാത്രി ഒരു മണിക്ക് എങ്ങനെയാണ് ഗവർണർ ദേവേന്ദ്ര ഫഡ്നാവിസിന് എൻസിപി എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്ന് ഉറപ്പിച്ചത്?
സത്യപ്രതിജ്ഞയ്ക്ക് ദേവേന്ദ്ര ഫഡ്നാവിസിനെ ക്ഷണിച്ചത് എന്തുകൊണ്ട് മാധ്യമങ്ങളെ അറിയിച്ചില്ല? ഭൂരിപക്ഷം തെളിയിക്കാൻ എന്തുകൊണ്ട് ഗവർണർ ഫഡ്നാവിസിന് സമയ പരിധി നൽകിയില്ല തുടങ്ങിയ കാര്യങ്ങളെല്ലാം പ്രതിപക്ഷം സഭയിലുന്നയിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്നാണ് എല്ലാ നാടകങ്ങളും നടത്തിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇരുവരേയും ലക്ഷ്യമിട്ടായിരിക്കും ഇന്ന് പ്രധാനമായും പ്രതിപക്ഷത്തിന്റെ ആക്രമണങ്ങൾ.
ശരത് പവാറിനൊപ്പമെന്ന് മുണ്ടെ
ശരത് പവാറിന് വീണ്ടും പിന്തുണ അറിയിച്ച് എൻസിപി നേതാവ് ധനഞ്ജയ് മുണ്ടെ. ദേവേന്ദ്ര ഫഡ്നാവിസിനുവേണ്ടി എൻസിപിയെ ചതിച്ചിട്ടില്ല. എൻസിപിക്കും ശരത് പവാറിനുമൊപ്പമാണ്. കിംവദന്തികൾ പ്രചരിപ്പിക്കരുത്- മുണ്ടെ ട്വീറ്റ് ചെയ്തു.
ബിജെപി കുടുംബത്തിൽ നിന്നുള്ള നേതാവായതിനാൽ മുണ്ടെയ്ക്കെതിരേ നിരവധി ആരോപണങ്ങൾ നേരത്തെ ഉയർന്നിട്ടുണ്ട്. സർക്കാരുണ്ടാക്കാൻ ഫഡ്നാവിസിനെ മുണ്ടെ സഹായിച്ചെന്നും അജിത് പവാറിനെ ബിജെപി ക്യാന്പിലെത്തിക്കാൻ പ്രവർത്തിച്ചത് മുണ്ടെ ആണെന്നും ആരോപണമുണ്ടായിരുന്നു.
ഇതിനിടെ വിപ്പ് പോരാട്ടവും
വിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാൻ എൻസിപി എംഎൽഎമാർക്ക് അജിത് പവാർ വിപ്പ് നൽകും. വിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാൻ ഇപ്പോഴത്തെ നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലും വിപ്പ് നൽകും.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അജിത് പവാർ വിപ്പ് നൽകുന്നത്. എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായിരുന്നു അജിത് പവാർ. ബിജെപി സർക്കാരുണ്ടാക്കാൻ മറുകണ്ടം ചാടിയതോടെയാണ് അജിത് പവാറിനെ നിയമസഭാ കക്ഷി സ്ഥാനത്തുനിന്ന് എന്‍സിപി മാറ്റിയത്.