ചേർത്തല: ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കൽ സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം നടത്തിയെന്ന് പരാതി. സാംസ്കാരിക പ്രവർത്തകനും ചിത്രകലാ അധ്യാപകനുമായ ആർട്ടിസ്റ്റ് പി.ജി. ഗോപകുമാറിനെതിരെ രാജീവ് ആലുങ്കൽ ഫേസ്ബുക്കിൽ അപവാദപ്രചാരണം നടത്തിയെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് പി.ജി. ഗോപകുമാർ ചേർത്തല ഡിവൈഎസ്പിക്ക് പരാതി നല്കി.
കഴിഞ്ഞ 16ന് വൈകുന്നേരം 7.09നാണ് പരാതിക്കിടയാക്കിയ പോസ്റ്റ് രാജീവ് ആലുങ്കലിന്റെ ഫേസ്ബുക്കിൽ വന്നത്. ചേർത്തലയിലെ വിവിധ സാംസ്കാരിക പരിപാടികളിൽ രാജീവ് ആലുങ്കലിനെ ഒഴിവാക്കിയതിനുപിന്നിൽ താനാണ് എന്നു കരുതിയാണ് രാജീവ് ആലുങ്കൽ തനിക്കെതിരെ അപവാദ പ്രചാരണവുമായി രംഗത്തെത്തിയതെന്ന് ഗോപകുമാർ പറയുന്നു.
ഗോപകുമാറിന്റെ പരാതി ഡിവൈഎസ്പി വിശദാന്വേഷണത്തിനായി പട്ടണക്കാട് പോലീസിന് കൈമാറി. അതേസമയം അപവാദ പ്രചാരണ സംഭവവുമായി ബന്ധപ്പെട്ട് ഗോപകുമാർ രാജീവ് ആലുങ്കലിനെതിരെ നിയമനടപടിയും ആരംഭിച്ചു.സംഭവത്തിൽ സിപിഐ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഗാനരചയിതാവ് രാജീവ് ആലുങ്കലിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ ചേർത്തല മണ്ഡലം കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. രാജീവ്ആലുങ്കൽ പോസ്റ്റ് പിൻവലിക്കുകയും പരസ്യമായി മാപ്പു പറയുകയും ചെയ്യണമെന്നാണ് സിപിഐയുടെ ആവശ്യം.