കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതി ജോളിയുമായി ഉറ്റബന്ധമുള്ള ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസൻ പോലീസിന് ഒടുവിൽ കൈമാറിയത് 25.5 പവൻ സ്വർണം. ജോളി ബാങ്കിൽ പണയം വയ്ക്കാനായി ഏൽപ്പിച്ചതെന്ന പേരിൽ രണ്ടാഴ്ച മുൻപ് ജോൺസൻ 13 പവൻ സ്വർണം അന്വേഷണ സംഘത്തിന് കൈമാറാൻ കൊണ്ടു വന്നിരുന്നു. എന്നാൽ ജോളിയുടെ മൊഴിയിൽ കൂടുതൽ സ്വർണം ജോൺസന്റെ പക്കലുണ്ടെന്ന് മനസിലാക്കിയ പോലീസ് 13 പവൻ കൈപ്പറ്റാതെ അയാളെ തിരിച്ചയക്കുകയായിരുന്നു.
മുഴുവൻ സ്വർണവും ഹാജരാക്കണമെന്ന കർശന നിർദ്ദേശവും പോലീസ് നൽകിയിരുന്നു . തുടർന്നാണ് കഴിഞ്ഞ ദിവസം 25.5 പവൻ ഹാജരാക്കിയത്. ഇവ രണ്ടു ബാങ്കുകളിലായി പണയം വച്ചതായിരുന്നു. പുലിക്കയത്തെ വീട്ടിൽ നിന്ന് താൻ തട്ടിയെടുത്ത സിലിയുടെ സ്വർണം മഞ്ചാടിയിൽ എം.എസ് .മാത്യു എന്ന ഷാജി മുഖേന മാറ്റി വാങ്ങിയതായാണ് ജോളിയുടെ മൊഴി.
ജോൺസൻ കൊണ്ടുവന്ന ആഭരണങ്ങളിൽ സിലിയുടെ പഴയ ആഭരണങ്ങൾ ഇല്ലെന്ന് ബന്ധുക്കൾ പോലിസിനോടു പറഞ്ഞു. മറ്റാർക്കും സംശയം തോന്നാതിരിക്കുന്നതിനാണ് സിലിയുടെ ആഭരണങ്ങൾ ജോളി മാറ്റി വാങ്ങിയത്. സിലി വധ കേസ് അന്വേഷിക്കുന്ന വടകര കോസ്റ്റൽ ഇൻസ്പെക്ടർ ബി.കെ. സിജുവിന് മുമ്പാകെയാണ് ജോൺസൻ സ്വർണം ഹാജരാക്കിയത്. ഇവ കോടതിയ്ക്ക് കൈമാറി.
ഇതിനിടെ ജോൺസന്റെ രഹസ്യമൊഴിയെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി.കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി നാല് ക്രിമിനൽ നടപടി ച്ചട്ടം 164 പ്രകാരം ബുധനാഴ്ച ജോൺസന്റെരഹസ്യമൊഴി രേഖപ്പെടുത്തും.