വൈപ്പിൻ: രാഷ്ട്രീയ പിൻബലത്തിൽ ലക്ഷങ്ങൾ വച്ച് ചൂതാട്ടം നടക്കുന്ന റിസോർട്ടിൽ മുനന്പം പോലീസ് നടത്തിയ റെയ്ഡിൽ പറവൂർ, മാഞ്ഞാലി, പട്ടണം, കൈതാരം, കുന്നുകര, ചെറായി മേഖലയിൽ നിന്നുള്ള 14 ചൂതാട്ടക്കാർ അറസ്റ്റിലായി. ചെറായി ബീച്ച് റോഡിലെ കസാമിയ എന്ന റിസോർട്ടിൽ ആലുവ റൂറൽ ഡിവൈഎസ്പി വേണു ജി യുട നിർദ്ദേശാനുസരണം നടത്തിയ റെയ്ഡിലാണ് വൻ ചൂതാട്ടസംഘം കൂടുങ്ങിയത്. ഇവരുടെ പക്കൽ നിന്നും 103160 രൂപയും പോലീസ് പിടിച്ചെടുത്തു.
ചെറായി പുതുശേരി ജോണ്, നെല്ലിപ്പിള്ളിപ്പറന്പ് ലാലു, കൊല്ലംപറന്പിൽ പ്രേംകുമാർ, മരോട്ടിക്കര ഹരി, കൂട്ടുങ്കൽ ജിജിൻ, അയ്യന്പിള്ളി വേലിക്കകത്ത് അരുണ്, പറവൂർ കൈതാരം ചക്കാലക്കൽ മാർട്ടിൻ,മുതിരപ്പറന്പിൽ ജബ്ബാർ, ഗംഗനപ്പിള്ളി സുരേഷ്, കുന്നുകര തൊഴുത്തുപറന്പിൽ സന്ദീപ്, മൂത്തകുന്നം മടപ്ലാതുരുത്ത് ചേരമാൻതുരുത്ത് ഹെൽബി, പറവൂർ പട്ടണം മണപ്പുറത്ത് ജമാൽ, തൈക്കൂട്ടത്തിൽ രാജേഷ്, പറവൂർ മാഞ്ഞാലി വെള്ളയിൽ അനൂപ് എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലർച്ചെയാണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്. വൻ തുകയ്ക്ക് പന്നി മലർത്ത് എന്ന ചീട്ടുകളിയാണ് ഇവിടെ നടന്നുവന്നിരുന്നത്. കൂടാതെ അനാശാസ്യ പ്രവർത്തനവും ഇവിടെ നടക്കുന്നതായി പരിസരവാസികൾ പരാതിപ്പെട്ടു. റെയ്ഡിനിടെ ഓടി രക്ഷപ്പെട്ട ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിനെ പോലീസ് തെരയുന്നുണ്ട്. ഇയാളാണ് ഇതിന്റെ നടത്തിപ്പുകാരൻ എന്നാണ് പോലീസ് നൽകുന്ന സൂചന.
അറസ്റ്റിലായവരെ കേസെടുത്ത ശേഷം പോലീസ് ജാമ്യത്തിൽ വിട്ടയച്ചു. റെയ്ഡ് ചെയ്ത പോലീസ് സംഘത്തിൽ സിഐയെ കൂടാതെ എഎസ്ഐ മനോജ്, എസ്സിപിഒ ദേവരാജ്, സിപിഒ സുബി, റിയാസ്, അനൂപ് എന്നിവരും ഉണ്ടായിരുന്നു.