മംഗലംഡാം: മംഗലംഡാമിന്റെ കനാലുകളിൽ വീണു കിടക്കുന്ന മരങ്ങൾ മുറിച്ചു മാറ്റി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണമെന്ന് കർഷകർ.ഡാമിൽ നിന്നുള്ള ഇടത്വലത് കര കനാലുകളിൽ പലയിടത്തായി ചെറുതും വലുതുമായ നിരവധി മരങ്ങൾ വീണ് വെള്ളം ഒഴുകുന്നത് തടസ്സപ്പെടുന്ന സ്ഥിതിയാണ്. കനാൽ വൃത്തിയാക്കൽ കാര്യക്ഷമമാകാത്തതിനു പുറമെ കനാലുകളിലേക്ക് മരങ്ങൾ കൂടി വീണ് കിടന്ന് വെള്ളം വാലറ്റങ്ങളിലേക്ക് എത്തുന്നില്ലെന്നാണ് പരാതി.
കനാൽ ചോർച്ചയും സ്ളൂയിസുകൾ തകർന്നു കിടക്കുന്നതും മൂലം കനാലുകളുടെ തുടക്കത്തിലുള്ള പാടശേഖരങ്ങളിൽ മാത്രമാണ് ശരിയാംവണ്ണം വെള്ളം എത്തുന്നത്.മുൻ വർഷങ്ങളേക്കാൾ ഇക്കുറി മഴ നീണ്ടുനിന്നതും ഡാമിൽ പരമാവധി ജലസംഭരണം തുടരുന്നതും കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണെങ്കിലും സംഭരിച്ച വെള്ളം മുഴുവൻ പാടശേഖരങ്ങളിലും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും സംവിധാനം ഉണ്ടാകണമെന്നാണ് ആവശ്യം.
മുന്പൊക്കെ കനാലിലേക്ക് വെള്ളം തുറന്നാൽ കനാൽ പരിശോധനകൾ ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയുള്ള സംവിധാനങ്ങളൊന്നുമില്ലെന്നാണ് കർഷകർ പറയുന്നത്. അതേ സമയം, കനാലുകളിലേക്ക് വീണ് കിടക്കുന്ന മരങ്ങൾ ലേലം ചെയ്ത് നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡാം എ ഇ അറിയിച്ചു.