ചെന്നൈ: സഹപ്രവർത്തകയുമായി അവിഹിത ബന്ധം ആരോപിച്ച് പോലീസുകാരനെ കാമുകി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ചെന്നൈയിലെ വില്ലുപുരത്താണ് സംഭവം. വില്ലുപുരം സ്വദേശി വെങ്കടേഷിനെയാണ് കാമുകി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 31 കാരിയായ ആശയെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനെ ഉപേക്ഷിച്ച് വെങ്കടേഷിനൊപ്പം താമസിക്കുകയായിരുന്നു യുവതി.
2012ല്‍ വില്ലുപുരം സ്വദേശിനിയായ ജയയെ വെങ്കടേഷ് വിവാഹം കഴിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വെങ്കിടേഷിന് ഒരു അവിഹിത ബന്ധമുള്ളതായി കണ്ടെത്തിയതോടെ മൂന്നു വർഷത്തിന് ശേഷം വിവാഹബന്ധം വേര്‍പ്പെടുത്തി. ഇതോടെ കാമുകി ആശ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വെങ്കടേഷിനൊപ്പം പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങി. എന്നാൽ ഇരുവരും വിവാഹം കഴിച്ചിരുന്നില്ല.
അതിനിടെയാണ് വെങ്കടേഷിന് മറ്റൊരു സഹപ്രവർത്തകയുമായി അവിഹിത ബന്ധമുള്ളതായി ആശയ്ക്ക് സംശയം തോന്നുന്നത്. ഞായറാഴ്ച മദ്യലഹരിയിലെത്തിയ വെങ്കടേഷുമായി ഇതേചൊല്ലി ആശ വഴക്കിട്ടു. തര്‍ക്കത്തിനിടെ വെങ്കടേഷിന്റെ ദേഹത്തേക്ക് ആശ മണ്ണെണ്ണ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ വെങ്കിടേഷിനെ അയൽവാസികൾ ചേർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അറസ്റ്റിലായ ആശയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.