വാഷിംഗ്ടണ്‍: ഇന്ത്യക്കാരിയായ വിദ്യാർഥിനിയെ അമേരിക്കയിൽ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. ഹെദരാബാദ് സ്വദേശിനിയായ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സ് വിദ്യാർഥിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച കാന്പസിനോട് ചേർന്ന് നിർത്തിയിട്ട കാറിന്റെ പിൻസീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ഡൊണൾഡ് തർമൻ എന്ന 26-കാരനെ ഷിക്കാഗോ മെട്രോ സ്റ്റേഷനിൽ വച്ച് പിടികൂടിയിട്ടുണ്ട്. ഇയാൾക്ക് യൂണിവേഴ്സിറ്റിയുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ച വൈകീട്ട് മുതൽ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നതായി ഇല്ലിനോയ്സ് യൂണിവേഴ്സിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാന്പസിലെ കാമറകൾ പരിശോധിച്ചാണ് അക്രമിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.