തലശേരി: തലശേരി ബാറിലെ യുവ അഭിഭാഷക എടക്കാട് കടമ്പൂര് നിവേദ്യത്തില്‍ പ്രിയ രാജീവ്(38) തൂങ്ങിമരിച്ച സംഭവത്തില്‍ യുവ അഭിഭാഷകയും കതിരൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരനും ഉള്‍പ്പെടെ മൂന്നുപേര്‍ നിരീക്ഷണത്തില്‍.
അഭിഭാഷകയെയും പോലീസുകാരനെയും എടക്കാട് പോലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവിന്റെ പേരിലുള്ള വീടും പറമ്പും പണയം വയ്ക്കുന്നതിന് വ്യാജ മുക്ത്യാര്‍ നിര്‍മിച്ചു നല്‍കിയത് തലശേരിയിലെ നോട്ടറിയായ അഭിഭാഷകനാണെന്നും പോലീസ് കണ്ടെത്തി. അഭിഭാഷകനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. തനിക്ക് സംഭവം ഓര്‍മയില്ലെന്നാണ് ജില്ലാ കോടതി പരിസരത്ത് തന്നെ ഓഫീസുള്ള പ്രായമായ നോട്ടറി അഭിഭാകന് പോലീസിന് നല്കിയ മൊഴി.
ഇതിനിടയില്‍ പ്രിയയുടെ ഫോണ്‍ കോളുകളുടെ വിശദവിവരങ്ങള്‍ സൈബര്‍ സെല്ലില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. നിയമപുസ്തകങ്ങള്‍ക്കിടയില്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് മൂന്നുപേരെയാണ് പ്രിയ നിരന്തരം വിളിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി.
ഇവരില്‍ ഒരാള്‍ തലശേരി കോടതിയില്‍ ഡ്യൂട്ടിയിലുള്ള കതിരൂര്‍ സ്റ്റേഷനിലെ പോലീസുകാരനാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇയാളുമായി രാത്രി പതിനൊന്നിനും പുലര്‍ച്ചെ രണ്ടിനുമിടയില്‍ മണിക്കൂറുകളോളം പ്രിയ സംസാരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മൂന്നാമത്തെയാള്‍ ഇപ്പോള്‍ ശബരിമലയിലാണുള്ളതെന്നും ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
പ്രിയ വായ്പയെടുത്ത ബാങ്കുകളില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. താമസിക്കുന്ന വീടും തൊട്ടടുത്ത നാലര സെന്റ് സ്ഥലവും മേലൂരിലെ സ്ഥലവുമാണ് പ്രിയ പണയപ്പെടുത്തിയിട്ടുള്ളത്. സ്ഥലം വാങ്ങിയ ഇനത്തില്‍ പണം കൊടുക്കാനുണ്ടെന്ന പേരിലാണ് പലരില്‍ നിന്ന് പണം കടം വാങ്ങിയിട്ടുള്ളതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
എടക്കാട് എസ്ഐ ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനകം 15 പേരില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി കഴിഞ്ഞു. ശബരിമലയിലുള്ള ആള് കൂടി എത്തിയാല്‍ സംഭവത്തിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
മരണത്തില്‍ സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് പ്രിയയുടെ ഭര്‍ത്താവും ലോയേഴ്സ് യൂണിയന് തലശേരി ജില്ലാ കോടതി യൂണിറ്റ് പ്രസിഡന്റ് ജി.പി. ഗോപാലകൃഷ്ണനും സെക്രട്ടറി തോട്ടത്തില്‍ വാസുവും ജില്ലാ പോലീസ് ചീഫിനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ 13 ന് രാവിലെയാണ് പ്രിയയെ വീട്ടിലെ വര്‍ക്ക് ഏരിയയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.