കൊട്ടിയൂർ(കണ്ണൂർ): കൊട്ടിയൂർ നീണ്ടുനോക്കിയിലുണ്ടായ തീപിടിത്തത്തിൽ നാലു കടകൾ കത്തിനശിച്ചു. ഇന്നു പുലർച്ചെ രണ്ടേമുക്കാലോടെയാണ് തീപിടിത്തമുണ്ടായത്. ടി.പി.ഷാജിയുടെ തോംസൺ ഹാർഡ്വേഴ്സ് സ്റ്റോഴ്സ്, വാക്കയിൽ ജസ്റ്റിന്റെ സെന്റ് തെരേസ ട്രേഡേഴ്സ്, മറ്റപ്പള്ളി ഷാജിയുടെ പച്ചക്കറിസ്റ്റാൾ, മറ്റപ്പള്ളി ലാലുവിന്റെ ഗ്രീൻവാലി മൊബൈൽ ഷോപ്പ് എന്നിവയാണ് കത്തിനശിച്ചത്. ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തലെന്ന് പേരാവൂർ ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
ടി.പി.പെയിന്റ് ഷോപ്പിലാണ് ആദ്യം തീപിടിത്തമുണ്ടായത്. രണ്ട് ഷട്ടറുകളും പൂർണമായും കത്തിനശിച്ചു. തുടർന്ന് മറ്റ് കടകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.ബൈക്ക് യാത്രക്കാരായ യുവാക്കളാണ് തീപടരുന്നത് ആദ്യം കണ്ടത്. ഇവർ ബോർഡിൽ കണ്ട ഫോൺ നമ്പറിൽ വിളിച്ച് കടയുടമകളെയും സമീപത്തെ വീടുകളിലും വിവരം അറിയിക്കുകയായിരുന്നു.
പേരാവൂർ, മാനന്തവാടി എന്നിവിടങ്ങളിലെ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകളും നാട്ടുകാരും കേളകം, പേരാവൂർ സ്റ്റേഷനുകളിലെ പോലീസും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാവിലെ വീണ്ടും തീ കണ്ടതിനെ തുടർന്ന് പേരാവൂർ ഫയർഫോഴ്സ് എത്തി തീയണച്ചു.
പേരാവൂർ അഗ്നിശമന സേനാംഗങ്ങളായ പ്രദീപൻ പുത്തലത്ത്, രാജേന്ദ്രൻ പിള്ള, സിജു,ജോൺസൺ,നൗഷാദ്,വിനു,വിപിൻ,ജിതിൻ,അനീഷ്,അർജുൻ,ബിജേഷ്,അനുരൂപ്, ചന്ദ്രൻ,ബെന്നി എന്നിവരും മാനന്തവാടി അഗ്നിശമന സേനാംഗങ്ങളായ സി.പി.ഗിരീഷ്,സെബാസ്റ്റ്യൻ ജോസഫ്, മനു അഗസ്റ്റിൻ, നിതിൻ,ബിനു,പ്രവീൺ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.
സണ്ണി ജോസഫ് എംഎൽഎ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യാ മേച്ചേരി, ജില്ല സെക്രട്ടറി സുധാകരൻ, ഇരിട്ടി മേഖല പ്രസിഡന്റ് സതീശൻ, കേളകം മേഖല ജനറൽ സെക്രട്ടറി റെജി കന്നുകുഴി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.