തലശേരി: ദുബായിയില്‍ തലശേരി സ്വദേശിയുടെ മൊബൈല്‍ ഷോപ്പ് കാസര്‍ഗോഡ് സ്വദേശി കൊള്ളയടിച്ചു. പത്ത് ലക്ഷം രൂപയുടെ മൊബൈലുമായി കൊച്ചിയിലേക്ക് വിമാനമാര്‍ഗം എത്തിയ പ്രതിയെ ആസൂത്രിത നീക്കത്തിലൂടെ കേരള പോലീസും കസ്റ്റംസും എമിഗ്രേഷന്‍ വിഭാഗവും ചേര്‍ന്ന് നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി.
തലശേരി കായ്യത്ത് റോഡിലെ സറീനാസില്‍ ഷര്ഫറാസിന്റെ ദുബായ് അജ്മാന് ജറഫിലെ ചാനല്‍ മൊബൈല്‍ ഷോപ്പിലാണ് കാസര്‍ഗോഡ് സ്വദേശിയായ ഇരുപത്തിയഞ്ചുകാരന് കവര്‍ച്ച നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 നാണ് സംഭവം.
വിസിറ്റിംഗ് വീസയില്‍ ജോലി തേടാനെന്ന വ്യാജേന ദുബായിയിലെത്തി യുവാവ് ചാനല്‍ മൊബൈല്‍ ഷോപ്പ് ഉടമയും ജീവനക്കാരുമായും സൗഹൃദത്തിലാകുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ചാനല്‍ മൊബൈല്‍ ഷോപ്പ് ജീവനക്കാരോടൊപ്പം ഷോപ്പിന്റെ തൊട്ട് പിന്‍ഭാഗത്തെ റൂമില്‍ ബെഡ് സ്പെയ്സ് സംഘടിപ്പ് താമസിക്കുകയും ചെയ്തു.
ദിവസവും മൊബൈല്‍ ഷോപ്പിലെത്തി സൗഹൃദം ഊട്ടി ഉറപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 വരെ മൊബൈല്‍ ഷോപ്പ് ഉടമയോടും ജീവനക്കാരോടുമൊപ്പം കഴിച്ചു കൂട്ടിയ പ്രതി രാവിലെ 4.30 ന് ജീവനക്കാരന്റെ പോക്കറ്റില്‍ നിന്നും ഷോപ്പിന്റെ താക്കോല്‍ എടുത്ത് ഷോപ്പ് തുറന്ന് മൊബൈല്‍ ഫോണുകളും 8000 ദിര്‍ഹവും കൊള്ളയടിക്കുകയായിരുന്നു. കവര്‍ച്ച നടത്തിയ ശേഷം കടയുടെ താക്കോല്‍ ജീവനക്കാരന്റെ പോക്കറ്റില്‍ തന്നെ തിരിച്ച് വെക്കുകയും ചെയ്തു.
രാവിലെ ജീവനക്കാര്‍ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടത്തിയത് കാസര്‍ഗോഡ് സ്വദേശിയാണെന്ന് വ്യക്തമായത്. കവര്‍ച്ചക്ക് ശേഷം ബാഗുമായി യുവാവ് ടാക്സി കാറില്‍ ഷാര്‍ജ എയര്‍പോര്‍ട്ടിലേക്ക് പോയതായും അജ്മാനില്‍ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
എന്നാല്‍ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലേക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയതായും രാവിലെ ദുബായ് സമയം 10.30 ന് എമിഗ്രേഷന്‍ കഴിഞ്ഞതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കൊച്ചിയിലേക്കാണ് വിമാനം കയറിയതെന്ന് വ്യക്തമായത്. തുടര്‍ന്ന് ഡിഐജി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസഥരും കസ്റ്റംസും എമിഗ്രേഷന്‍ വിഭാഗവും ചേര്‍ന്ന് പ്രതി വിമാനത്താവളത്തിലിറങ്ങിയ ഉടനെ പിടികൂടുകയായിരുന്നു.
രണ്ട് രാജ്യങ്ങളില്‍ നടന്ന സംഭവങ്ങളായതിനാല്‍ കേസെടുക്കുക സാധ്യമല്ലാത്തതിനാല്‍ തലശേരിയിലെത്തിച്ച പ്രതിയെ തൊണ്ടി മുതലുകള്‍ തിരിച്ചു വാങ്ങിയ ശേഷം മാതാപിതാക്കളെ ഏല്‍പ്പിച്ച് നാട്ടിലേക്കയച്ചു.ഇതിനിടയില്‍ കവര്‍ച്ച് വിവരം നവമാധ്യമങ്ങളിടെ പ്രചരിക്കുകയും ചെയ്തിരുന്നു. യുവാവ് ഖത്തറിലും സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.