എണ്‍പതുകളിലെ തെന്നിന്ത്യൻ താരങ്ങൾ എല്ലാ വർഷവും ഒത്തുകൂടാറുണ്ട്. “ക്ലാസ് ഓഫ് എയിറ്റീസ്’ എന്നാണ് ഈ കൂട്ടായ്മയുടെ പേര്. ഈ വർഷം പത്താമത്തെ തവണയാണ് വെള്ളിത്തിരയിലെ മിന്നും താരങ്ങൾ ഒത്തു ചേർന്നത്.
തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് താരങ്ങളുടെ ഒത്തുചേരലിന് വേദിയായത്. മോഹൻലാൽ, റഹ്മൻ, രേവതി, സുഹാസിനി, ലിസി, അംബിക, ശരത് കുമാർ, പ്രഭു തുടങ്ങിയവർ എത്തിയിരുന്നു.
എന്നാൽ കൂട്ടായ്മയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചാണ് താരം തന്റെ സങ്കടത്തെക്കുറിച്ച് അറിയിച്ചത്.
“എണ്‍പതുകളിലെ താരങ്ങളുമായി വ്യക്തിപരമായി എനിക്ക് ബന്ധമില്ല. ചിലപ്പോൾ ഞാൻ മോശം നടനും സംവിധായകനുമായത് കൊണ്ടാകും. അതുകൊണ്ടാകാം അവരുടെ കൂടിച്ചേരലിന് എന്നെ വിളിക്കാതിരുന്നത്. എനിക്ക് വിഷമമുണ്ട്. എന്ത് പറയാൻ. എന്റെ സിനിമ കരിയർ ഒന്നുമല്ലാതായി. ചിലർക്ക് നമ്മെ ഇഷ്ടപ്പെടാം, ചിലർ വെറുക്കും. എന്നാൽ ജീവിതം മുമ്പോട്ടു പോകും’. പ്രതാപ് പോത്തൻ കുറിച്ചു.
പ്രതാപ് പോത്തന് പിന്തുണയുമായി നടൻ ബാബു ആന്റണിയും രംഗത്തെത്തിയിട്ടുണ്ട്.