കളമശേരി: നിർമാണത്തിലിരുന്ന കൊച്ചി കാൻസർ റിസർച്ച് സെന്റർ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണ സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ സമീപത്തു തന്നെയുള്ള എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ധനു ബെഹറ (30) മനു ബെഹറ (4o) സമീർ ബാല (35) കിച്ച മുത്തു (24) സുശാന്ത് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാൾക്കാണ് സാരമായ പരിക്ക് ഏറ്റിട്ടുള്ളത്.
ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് അപകടം നടന്നതെങ്കിലും രാത്രി 9.30 ഓടെയാണ് വിവരം പുറത്തറിഞ്ഞത്. ഇന്നലെ കോൺക്രീറ്റിംഗ് നടത്തിയ ഭാഗമാണ് ഇടഞ്ഞു വീണത്. മൂന്നാം നിലയിലെ എകദേശം രണ്ടായിരം സ്വകയർ ഫീറ്റ് ഭാഗമാണ് ഇടഞ്ഞത്. സംഭവം ആദ്യം പുറത്ത് അറിയാതിരിക്കാൻ ഇടിഞ്ഞു വീണതൂണുകൾ കമ്പിയും മറ്റും വച്ച് കെട്ടിവച്ചു. ജോലികൾ നടന്നിരുന്ന സ്ഥലത്തെ ലെറ്റുകൾ എല്ലാ ഓഫാക്കുകയും ചെയ്തു.
രാത്രി പരിക്കേറ്റവർ മെഡിക്കൽ കോളജിൽ ചികിത്സക്ക് എത്തിയതോടെയാണ് കെട്ടിടം തകർന്നതാണെന്ന വിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രദേശവാസികൾ സ്ഥലത്തെത്തി. ആരേയും അകത്തേക്ക് കടത്തിവിടാൻ കരാറുകാർ ആദ്യം തയാറായില്ല. ഇടിഞ്ഞ് വീണ ഭാഗത്ത് ആരെങ്കിലും പെട്ടിട്ടിരിക്കുന്നുണ്ടോ എന്നറിയാൻ അഗ്നിരക്ഷാസേന അധികൃതരും എത്തി.