നെടുമ്പാശേരി: നെടുമ്പാശേരിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ജോലി കഴിഞ്ഞാൽ പിന്നെ മലയാള പഠനത്തിലാണ്. നെടുമ്പാശേരി പഞ്ചായത്തിലെ വിവിധ തൊഴിലിടങ്ങളിൽ നിന്നായി 150 ഓളം ഭായിമാരാണ് “ചങ്ങാതി’ എന്ന പേരിലുള്ള മലയാള പഠന കേന്ദ്രത്തിലേയ്ക്ക് എത്തുന്നത്. സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന മലയാള പഠനത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നിത്യജീവിതത്തിൽ പ്രയോജനപ്പെടുന്ന വിധമാണ് ചങ്ങാതിയിലെ ഭാഷാ പഠനം.
ആസാം, ബീഹാർ, യുപി, ഒറീസ, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള 150 ഓളം തൊഴിലാളികളാണ് നെടുമ്പാശേരിയിലെ നാല് കാസുകളിലായി എത്തുന്നത്. ജോലി സമയം കഴിഞ്ഞ് രാത്രി 10 വരെ നീളുന്ന ക്ലാസിൽ ഇവർ വളരെ വേഗത്തിൽ മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കുന്നതായി അധ്യാപകർ പറയുന്നു.
നെടുമ്പാശേരിയിലെ ചങ്ങാതി പ0ന കേന്ദ്രങ്ങൾ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല സന്ദർശിച്ചു. ചങ്ങാതി പദ്ധതി മികച്ച രീതിയിൽ നടക്കുന്നതിൽ ഡയറക്ടർ അധ്യാപകരെയും സംഘാടകരെയും അഭിനന്ദിച്ചു.
നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എൻ.വി. ബാബു, ജില്ലാ കോ ഓർഡിനേറ്റർ പി.എം. അബ്ദുൾ കരീം, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ പി.എം. സുബൈദ, വാർഡ് മെമ്പർമാരായ സിദ്ധാർഥൻ, വി.വൈ. ഏല്യാസ്, സാക്ഷരതാ പ്രവർത്തകരായ സ്നേഹലത, ഷൈനി ദേവസി, ജെസി ജോർജ്, ആനീസ്, മാലതി എന്നിവർ ശ്രീകലയ്ക്കൊപ്പം ചങ്ങാതി പഠനകേന്ദ്രങ്ങളിലെത്തി.