നാദാപുരം: പരിമിതിയെ തോല്‍പ്പിച്ച് മുന്നേറുകയാണ് വിലാതപുരത്തിന്റെ അഭിമാനമായ അഞ്ജന. തുടര്‍ച്ചയായി അഞ്ചാം തവണയും ദേശീയ മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലത്ത് ശനിയാഴ്ച അവസാനിച്ച 25-ാമത് സംസ്ഥാന ബധിര കായികമേളയില്‍ സ്വര്‍ണവും വെള്ളിയും അനായസമാണ് അഞ്ജന സ്വന്തമാക്കിയത്.
ഡിസ്കസ് ത്രോയില്‍ സ്വര്‍ണ മെഡലും ജാവലിംഗ് ത്രോയില്‍ വെള്ളിയും കരസ്ഥമാക്കി ഡിസംബറില്‍ ഹരിയാനയില്‍ നടക്കുന്ന ദേശിയ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരിക്കുകയാണ് ഈ ഗ്രാമീണ വിദ്യാര്‍ഥിനി. അഞ്ജന മത്സരത്തിനിറങ്ങിയാല്‍ വിജയമുറപ്പെന്ന് ഏവര്‍ക്കുമറിയാം.
നേരത്തെ വടകര കരുണ ബധിര വിദ്യാലയം, ഇരിട്ടി ബധിര ഹൈസ്കൂള്‍,കോഴിക്കോട് കരുണ ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്ത് ദേശീയ മീറ്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്.
സ്പോര്‍ട്സില്‍ മാത്രമല്ല അഞ്ജനയുടെ തിളക്കം. പഠിപ്പിലും കലാരംഗത്തും ഒന്നാമത് തന്നെ.വിവിധ തലത്തിലുള്ള കലാ മത്സരത്തിലും ഒന്നാമത് തന്നെ. അഞ്ച് വര്‍ഷമായി തുടര്‍ച്ചയായി മികച്ച വിജയം കൊയ്യുന്ന ഈ കൊച്ചു മിടുക്കിയെ ഒന്ന് ആദരിക്കാന്‍ പോലും ത്രിതല പഞ്ചായത്തുകളൊന്നും ഇത് വരെ തയാറായിട്ടില്ല. ഇപ്പോള്‍ മലപ്പുറം എബിലിറ്റി ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
ജന്മനാ സംസാര ശ്രവണ വൈകല്യം ബാധിച്ച അഞ്ജന തണ്ണീര്‍പന്തലിലെ ഓട്ടോ ഡ്രൈവര്‍ ഞള്ളംകണ്ടി രമേശന്-സന്ധ്യ ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തവളാണ് . സഹോദരി വടകര റോട്ടറി ബധിര വിദ്യാലയത്തിലാണ് പഠിക്കുന്നത്.