മംഗലംഡാം: മംഗലംഡാമിലെ ടൂറിസം വികസനപദ്ധതികൾ പ്രഖ്യാപനങ്ങളിലും നിർമാണോദ്ഘാടനങ്ങളിലും ഒതുങ്ങിയതായി ആക്ഷേപം. ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് 2018 മാർച്ചിൽ ടൂറിസംമന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രൻ നിർമാണോദ്ഘാടനം നടത്തിയ 4.76 കോടി രൂപയുടെ ഉദ്യാന നവീകരണ പ്രവൃത്തികൾ പാതിവഴിയിൽ നിലച്ചു.പ്രവൃത്തികളുടെ കാലാവധി പൂർത്തിയാക്കേണ്ട സമയം കഴിയുന്പോൾ പദ്ധതിയുടെ പത്തുശതമാനംപോലും വർക്കുകൾ കഴിഞ്ഞിട്ടില്ല.
നിലവിലുള്ള ചിൽഡ്രൻസ് പാർക്ക് ഡാമിലെ ബോട്ട് ഞെട്ടിക്കടുത്തേക്ക് മാറ്റുമെന്നു പറഞ്ഞ് അവിടെ ട്രഞ്ചു കുഴിക്കലും സൈഡ് വാർക്കലുമെല്ലാം നടത്തി. കുട്ടികളുടെ പാർക്കിനടുത്ത ഓപ്പണ് സ്റ്റേജിന്റെ പണി മാത്രമാണ് ഏതാണ്ട് പൂർത്തിയായിട്ടുള്ളത്. വാഹന പാർക്കിംഗിനായി മഴമാപിനിക്കടുത്ത് സൈഡ് കെട്ടലും ടൈൽ പതിക്കലുമായി ഒരുവർഷം കഴിച്ചു. ഇതു പൂർത്തിയാക്കാത്തതിനാൽ ഇപ്പോൾ ഇവിടെ അനാഥമായ സ്ഥിതിയാണ്.
അഡ്വഞ്ചർ സ്പോർട്സ് ആൻഡ് കിഡ്സ് പാർക്ക്, റോപ്പ് വേ, റോക്കിംഗ് ബോട്ട് ബാലൻസിംഗ് ബ്രിഡ്ജ് തുടങ്ങി അന്പതോളം ചെറുതു വലതുമായ പദ്ധതികളാണ് പൂർത്തിയാക്കാനുള്ളത്.ഇടയ്ക്കിടെ കോടികളുടെ പദ്ധതികൾ വരുന്നെന്ന് പറഞ്ഞ് പ്രഖ്യാപനങ്ങൾ മുറയ്ക്ക് നടക്കുന്നുവെന്നല്ലാതെ ഡാം കാണാനെത്തുന്നവർക്ക് കുടിവെള്ളമോ മറ്റു പ്രാഥമിക സൗകര്യങ്ങളോ ഒരുക്കാൻ ഇതുവരെയും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
പ്രവേശന ഫീസ് നല്കി ഡാമിലേക്ക് കടന്നാൽ പിന്നെ പ്രേതപറന്പിലേക്ക് പ്രവേശിച്ച തോന്നലാണ്. ശൂന്യതയും അനാഥത്വവുമാണ് എവിടെയും. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഡാമിലില്ല. ഡാമിൽ എന്തുകാണാനാണ് പ്രവേശന ഫീസ് വാങ്ങുന്നതെന്ന് ചോദിച്ചാൽ അധികൃതർക്കും മൗനമാണ്. കാൽനൂറ്റാണ്ടോളം അവഗണിക്കപ്പെടുന്ന ഡാമിന്റെ പുനരുജീവനത്തിനായി 2008-ലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തതോടെ 462 ലക്ഷം രൂപയുടെ ടൂറിസം വികസനപദ്ധതി കൊണ്ടു വന്നത്. ഇതിലെ ഒരു കോടി രൂപ ചെലവഴിക്കാൻ കഴിയാതെ ഫണ്ട് ലാപ്സായി.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വികസന പ്രവൃത്തികൾ പൂർത്തിയാകുംമുന്പേ ധൃതിപിടിച്ച് 2011 ജനുവരിയിൽ പ്രവൃത്തികളുടെ ഉദ്ഘാടനവും നടത്തി. 2014ൽ വീണ്ടും 12 കോടിയുടെ പദ്ധതിവരുമെന്ന് പറഞ്ഞു. എന്നാൽ അതുണ്ടായില്ല. പിന്നീടാണ് 2018 മാർച്ചിൽ 4.76 കോടി രൂപയുടെ മറ്റൊരു പദ്ധതി കൊണ്ടുവന്നത്. അതിനും ദീർഘായുസില്ലെന്നാണ് വിലയിരുത്തൽ.1956-ൽ അന്നത്തെ മദിരാശി സർക്കാർ 106 ലക്ഷം രൂപ മാത്രം ചെലവഴിച്ച് നിർമിച്ച മംഗലംഡാമിലാണ് ഇപ്പോൾ ഉദ്യാനനവീകരണം എന്നെല്ലാം പേരുപറഞ്ഞ് കോടികളുടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് പറയുന്നത്.