കൊല്ലം: വീട്ടമ്മയോട് അയൽവാസി അപമര്യാദയായി പെരുമാറിയ പരാതി വനിതാ കമ്മീഷൻ ഇടപെട്ട് ഒത്തുതീർപ്പാക്കിയിട്ടും വിടാതെ പിന്തുടർന്ന് പോലീസ്. ചന്ദനത്തോപ്പ് കൊറ്റങ്കര സ്വദേശിയായ യുവതിക്കാണ് കുണ്ടറ പോലീസിൽ നിന്ന് മോശം അനുഭവം ഉണ്ടായത്.ഒക്ടോബർ 26-നാണ് അയൽവാസി ഇവരെ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തത്. തുടർന്ന് കുണ്ടറ സർക്കിൾ ഇൻസ്പെക്ടർ മുന്പാകെ അയൽവാസിക്കെതിരേ പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ വിളിപ്പിച്ച് വീട്ടമ്മയുട മൊഴി രേഖപ്പെടുത്തി. 15 ദിവസത്തിനുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകണമെന്നും സിഐ പറഞ്ഞു. 19 ദിവസം കഴിഞ്ഞിട്ടും തുടർ നടപടി ഇല്ലാത്തതിനാൽ മൊഴിപ്പകർപ്പിനും എഫ്ഐആറിന്റെ കോപ്പിക്കുമായി ഈ മാസം 15ന് യുവതി സിഐക്ക് അപേക്ഷ നൽകി.
പിന്നീട് 17ന് രാവിലെ പത്തിന് സിഐയെ നേരിട്ട് കാണാൻ ചെല്ലണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ നിന്ന് അറിയിപ്പ് വന്നു. ആശുപത്രിയിൽ അഡ്മിറ്റ് ആയതിനാൽ വീട്ടമ്മയ്ക്ക് പോകാൻ സാധിച്ചില്ല. 21ന് ഡിസ്ചാർജ് ആയശേഷം 22ന് സിഐയെ സ്റ്റേഷനിൽ ചെന്ന് കണ്ടപ്പോൾ 24ന് വീട്ടിൽ വന്ന് അന്വേഷണം നടത്താം എന്നായിരുന്നു മറുപടി.
എന്നാൽ അന്ന് വൈകുന്നേരം ആറുവരെയും സിഐ വീട്ടിൽ എത്തിയില്ല. ആറിനുശേഷം ഭർത്താവ് പുറത്തുപോയ സമയത്ത് വീട്ടമ്മയും മകളും മാത്രമുള്ളപ്പോൾ സിഐ വീട്ടിലെത്തി. വനിതാ പോലീസ് പോലും ഇല്ലാതെയാണ് സന്ധ്യകഴിഞ്ഞ് സിഐ വീട്ടിലെത്തിയത്.മാത്രമല്ല അയൽവാസിയുടെയും അയാളുടെ ബന്ധുക്കളുടെയും മുന്നിൽ വച്ച് വീട്ടമ്മയെ അപമാനിക്കുന്ന രീതിയിലായിരുന്നു സിഐ സംസാരിച്ചത്. അടുത്തദിവസം വസ്തുവിന്റെ പ്രമാണവുമായി വീണ്ടും സ്റ്റേഷനിലെത്തണം എന്ന ഭീഷണിയും മുഴക്കിയാണ് സിഐ തിരികെ പോയത്.
വീട്ടമ്മയുടെ ഇതേ പരാതി 21ന് നടന്ന സംസ്ഥാന വനിതാ കമ്മീഷന്റെ മെഗാ അദാലത്തിൽ പരിഗണനയ്ക്ക് വന്നിരുന്നു. അന്ന് ഇവർ ആശുപത്രിയിൽ ആയതിനാൽ ഹാജരാകാൻ കഴിഞ്ഞില്ല. എന്നിട്ടും കമ്മീഷൻ അംഗം ഷാഹിദ കമാൽ ഫോണിൽ വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരുകൂട്ടരുടെയും സമ്മതപ്രകാരം ഒത്തുതീർപ്പായതുമാണ്.
എന്നിട്ടും സർക്കിൾ ഇൻസ്പെക്ടറുടെ ഭാഗത്തുനിന്നുണ്ടായ നിന്ദ്യവും ഹീനവുമായ പെരുമാറ്റത്തിനെതിരേ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മ കൊട്ടാരക്കര റൂറൽ എസ്പിക്ക് കഴിഞ്ഞദിവസം പരാതി നൽകി. സിഐയുടെ മോശം പെരുമാറ്റം സംബന്ധിച്ച് ഇവർ വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. അയൽവാസി അപമാനിച്ചെന്ന പരാതിയിൽ സിഐ ഇവരോട് പ്രമാണം ആവശ്യപ്പെട്ടതിലും ദുരൂഹതയുണ്ട്.