അഞ്ചല്‍ : വായ്പ്പ അടച്ചുതീര്‍ത്ത് നാളുകള്‍ പൂര്‍ത്തിയായിട്ടും രേഖകള്‍ തിരികെ നല്കാന് ബാങ്ക് അധികൃതര്‍ തയാറാകുന്നില്ലന്ന് ആരോപണം. സഹകാരികളുടെ പരാതിയെ തുടര്‍ന്ന് ഭരണസമിതിയിലെ ഒരു വിഭാഗം അംഗങ്ങള്‍ സെക്രട്ടറിയടക്കമുള്ളജീവനക്കാരെ തടഞ്ഞുവച്ചു. അഞ്ചല്‍ ഇടമുളക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
യുഡിഎഫ് ഭരിക്കുന്ന ഇടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിൽ ആകെ 11 അംഗങ്ങളാണ് ഉള്ളത് . ഇതിൽ അഞ്ച് പേരാണ് ബാങ്ക് സെക്രട്ടറിയേയും ജീവനക്കാരെയും തടഞ്ഞുവെച്ചത്. വായ്പ പൂര്‍ണ്ണമായും അടച്ചു തീര്‍ത്തിട്ടും പ്രമാണങ്ങള്‍ അടക്കമുള്ള രേഖകള്‍ തിരികെ നല്കാന് ബാങ്ക് അധികൃതര്‍ തയാറാകുന്നില്ല എന്നാണ് പരാതി.
ഉപരോധം രാത്രിവരെ നീണ്ടതോടെ അഞ്ചല്‍ പോലീസും സ്ഥലത്ത് എത്തി. പോലീസും ബാങ്ക് അധികൃതരും ഭരണസമിതി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ എത്രയും വേഗത്തില്‍ പ്രമാണം അടക്കമുള്ള രേഖകള്‍ തിരികെ നല്‍കാം എന്ന ഉറപ്പിന്മേല് ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു.ആയൂർ ബിജു, റംലി എസ് റാവുത്തർ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധസമരം നടന്നത്.