തുറവൂർ: പാന്പുകടിയേറ്റ് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിക്ക് ആന്റിവെനം നല്കാതെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പറഞ്ഞുവിട്ടതായി ആക്ഷേപം. കഴിഞ്ഞദിവസം ചേർത്തല പോലീസ് സ്റ്റേഷനു സമീപത്തെ താമസക്കാരിയായ കുട്ടിയെയാണ് പാന്പുകടിയേറ്റതിനെ തുടർന്നു ബന്ധുക്കൾ ചേർത്തല ആശുപത്രിയിൽ എത്തിച്ചത്.
ഇവിടെ ആന്റിവെനം ലഭ്യമായിരുന്നെങ്കിലും പ്രാഥമിക ശുശ്രുഷ നല്കി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പറഞ്ഞുവിടുകയായിരുന്നു. മെഡിക്കൽ കോളജിലെത്തിയ ബന്ധുക്കളോട് ആന്റീവെനം ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്നുതന്നെ നല്കമായിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്.
നിസാര രോഗങ്ങളുമായി എത്തുന്നവരെ പോലും പ്രഥമ ശുശ്രൂഷ നല്കി ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജുകളിലേക്കും എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലേക്കും പറഞ്ഞുവിടുന്ന പ്രവണത രോഗികൾക്കും ബന്ധുക്കൾക്കും ദുരിതമായിരിക്കുകയാണെന്ന പരാതി സജീവമാണ്. ഇവിടെത്തന്നെ ചികിത്സ നല്കാമെന്നിരിക്കെ മറ്റ് ആശുപത്രികളിലേക്കു പറഞ്ഞുവിടുന്പോൾ നിർധനരായ രോഗികൾക്കും ബന്ധുക്കൾക്കും സാന്പത്തിക ബാധ്യത കൂടാതെ മറ്റു പലകാര്യങ്ങളിലും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നു.
രോഗികളെ മറ്റ് ആശുപത്രികളിലേക്കു പറഞ്ഞുവിടുന്നത് ആശുപത്രി അധികൃതരും ആംബുലൻസ് സർവീസ് നടത്തുന്നവരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആക്ഷേപവും ശക്തമാണ്. ഇരുപതിലേറെ ആംബുലൻസുകളാണ് ഈ ആശുപത്രിയെ കേന്ദ്രീകരിച്ചു സർവീസ് നടത്തുന്നത്. അത്യാഹിത വിഭാഗത്തിൽ പലപ്പോഴും ഒന്നോ രണ്ടോ ജൂണിയർ ഡോക്ടർമാർ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇവരുടെ പരിചയക്കുറവും ചികിത്സയെ സാരമായി ബാധിക്കുന്നുണ്ട്.