മുക്കം: പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുമ്പോഴും അധികൃതരുടെ ദുരിതം പേറി പൊതു വിദ്യാലയം.
മുക്കം നഗരസഭയിലെ വട്ടോളിപ്പറമ്പ് എഎല്‍പി സ്കൂളാണ് “ദുരിതത്തിന്റെ പാഠ’ങ്ങളുമായി പ്രവര്‍ത്തിക്കുന്നത്. ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങള്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുക്കം നഗരസഭ ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചിരുന്നു.
തുടര്‍ന്ന് ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തിയാണ് സ്കൂള്‍ മാനേജര്‍ സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കിയത്. സ്കൂള്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലായി 84 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഇവരെ പഠിപ്പിക്കാന്‍ ആറ് അധ്യാപകരും ഇവിടെയുണ്ട്.
40 ആണ്‍കുട്ടികള്‍ക്കും 25 പെണ്‍കുട്ടികള്‍ക്കും ഓരോരോ ശൗചാലയങ്ങള്‍ വീതം വേണമെന്നാണ് ചട്ടം. എന്നാല്‍ 84 കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായി ഇവിടെയുള്ളത് രണ്ട് ശൗചാലയങ്ങള്‍ മാത്രമാണ്. സ്കൂളിന് സമീപത്തെ ഭൂമിയും പൂര്‍ണമായി കാടുപിടിച്ച നിലയിലാണ്.
1933ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ എയ്ഡഡ് വിദ്യാലയത്തിന് വികസനമെന്നത് ഒരു കേട്ടറിവ് മാത്രമാണ്. വായനാ മുറിയും പാചകപ്പുരയും ഒഴികെ എല്ലാം വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജോര്‍ജ് എം തോമസ് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ ചെലവില്‍ കഴിഞ്ഞ വര്‍ഷമാണ് പാചകപ്പുര നിര്‍മിച്ചത്. ഈ കെട്ടിടം നിര്‍മിക്കാന്‍ കൊണ്ടുവന്ന കരിങ്കല്ല് സ്കൂളിലെ കിണറിനോട് ചേര്‍ന്ന് കൂട്ടിയിട്ട്, കാടുപിടിച്ച നിലയിലാണ്.
നഗരസഭാ ചെയര്‍മാന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച സ്കൂളില്‍ പരിശോധന നടത്തി. സ്കൂള്‍ വളപ്പിലെയും തൊട്ടടുത്ത ഭൂമിയിലെയും കാടുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ വെട്ടിത്തെളിച്ച്, ഇതിന് ചെലവാകുന്ന തുക സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം.