തൃശൂർ: കുട്ടികൾക്കുനേരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുക, സുരക്ഷിതത്വമേകുക എന്നീ ലക്ഷ്യങ്ങളോടെ കേരള പോലീസ് “കുഞ്ഞേ നിനക്കായ്’ എന്ന പേരിൽ പോക്സോ ബോധവത്കരണ കാന്പയിനു തുടക്കമിടുന്നു. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കും.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. തുടർന്ന് 28, 29, 30 തീയതികളിലായി കേരളം മുഴുവൻ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ ബോധവത്കരണ കാന്പയിനുകൾ നടക്കും.
കുട്ടികൾക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ സമൂഹമനസാക്ഷി ഉണർത്തുക, കുറ്റവാളികൾക്കു കഠിനശിക്ഷ ഉറപ്പാക്കുന്നതിനായി പൊതുസമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.
നാളെ രാവിലെ 10ന് സ്വരാജ് റൗണ്ടിൽ പ്രമുഖർ അണിനിരക്കുന്ന സൈക്കിൾ റാലിക്കു ഡിജിപി നേതൃത്വം നൽകും. തുടർന്ന് തെക്കേഗോപുരനടയിൽ നടക്കുന്ന പൊതുചടങ്ങിൽ തിരുവനന്തപുരം ക്രൈം ഐജി എസ്.ശ്രീജിത്ത്, തൃശൂർ റേഞ്ച് ഡിഐജി എസ്.സുരേന്ദ്രൻ, സിറ്റി പോലീസ് കമ്മീഷണർ ജി.എച്ച്. യതീഷ്ചന്ദ്ര എന്നിവർ പങ്കെടുക്കും.
തുടർന്ന് സെന്റ് മേരീസ് കോളജ്, ശക്തൻ തന്പുരാൻ കോളജ്, സ്കൂൾ ഓഫ് ഡ്രാമ എന്നിവരുടെ നേതൃത്വത്തിൽ ഫ്ളാഷ്മോബ്, തെരുവുനാടകം എന്നിവ അരങ്ങേറുമെന്നു സിറ്റി എസിപി വി.കെ. രാജു, സ്പെഷൽ ബ്രാഞ്ച് എസിപി എസ്. ഷംസുദ്ദീൻ എന്നിവർ അറിയിച്ചു.
വീഡിയോ, ഫ്ളാഷ് മോബ്, സൈക്കിൾ റാലി…
പോക്സോ ബോധവത്കരണ കാന്പയിനിൽ പ്രദർശനത്തിനായി 17 മിനിറ്റ് ദൈർഘ്യമുള്ള പോക്സോ നിയമങ്ങളും ശിക്ഷയും ഇടപെടലുകളും വ്യക്തമാക്കുന്ന വീഡിയോ കേരള പോലീസ് പുറത്തിറക്കി. എല്ലായിടത്തും ഇതു പ്രദർശിപ്പിക്കും.
ചിത്രപ്രദർശനം, സൈക്കിൾ റാലി, ഫ്ളാഷ്മോബ്, തെരുവുനാടകം, ബോധവത്കരണ ക്ലാസുകൾ എന്നിവയും നടക്കും. ബസ് സ്റ്റോപ്പുകൾ, വിദ്യാലയങ്ങൾ, പൊതുകേന്ദ്രങ്ങളിലെല്ലാം ബോധവത്കരണവുമായി പോലീസ് എത്തും. രക്ഷിതാക്കൾ, അധ്യാപകർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരെ കേന്ദ്രീകരിച്ചു നടത്തുന്ന പദ്ധതി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ അന്പതുലക്ഷം പേരിലേക്കു നേരിട്ടെത്തും.