പുതുക്കാട്: പുലക്കാട്ടുകരയിൽ പ്രളയത്തിൽ തകർന്ന വയോധികയുടെ വീട് പുനർനിർമിക്കാനുള്ള സഹായവുമായി കൃഷി ഓഫീസർ വയോധികയുടെ വീട്ടിലെത്തി. രാഷ്ട്രദീപിക വാർത്തയെ തുടർന്നാണ് പുലക്കാട്ടുകര കോളനിക്ക് സമീപം താമസിക്കുന്ന വയോധിക തങ്കയുടെ വീട് നിർമിക്കുന്നത്.
കണ്ണാറ ഹോൾട്ടികൾച്ചറൽ ഫാമിലെ കൃഷി ഓഫീസറായ അമ്മാടം സ്വദേശി തൃക്കോവിൽ വാരിയത്ത് രമേഷാണ് തങ്കക്ക് പുതിയ വീട് നിർമിച്ചു നൽകാൻ സന്നദ്ധനായെത്തിയത്. പുലക്കാട്ടുകരയിലെത്തിയ രമേഷ് തങ്കയുടെ മകൻ ബാബുവിനോട് വീട് നിർമിച്ചു നൽകാമെന്ന് ഉറപ്പു നൽകി. എത്രയും വേഗം വീടിന്റെ നിർമ്മാണം പൂർത്തീകരിച്ച് തങ്കക്കും കുടുംബത്തിനും കൈമാറാനുള്ള ഒരുക്കത്തിലാണ് ഈ സർക്കാർ ഉദ്യോഗസ്ഥൻ.
2018ലെ പ്രളയത്തിലാണ് തങ്കയുടെ വീട് നിലംപൊത്തിയത്. പിന്നീട് ഒന്നര വർഷത്തോളം ഇവരുടെ കുടുംബം ഒറ്റമുറി വീട്ടിലാണ് അന്തിയുറങ്ങിയത്.വീട് തകർന്നിട്ടും അർഹമായ പരിഗണന സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ കുടുംബത്തിന് ലഭിച്ചിരുന്നില്ല. നഷ്ടപരിഹാര തുകയായ രണ്ടര ലക്ഷം രൂപയാണ് ഇവർക്ക് ലഭിച്ചത്. ഈ വാർത്ത രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
പുതിയ വീടിനായി താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിക്ക് മുന്പാകെ അപ്പീൽ നൽകി കാത്തിരിക്കുന്നതിനിടെയാണ് വീട് നിർമിച്ചു നൽകാൻ തയ്യാറായി കൃഷി ഓഫീസർ എത്തിയത്.ഒൗദ്യോധിക ജോലിയിലെ തിരക്കിനിടയിലും കാരുണ്യ പ്രവർത്തന രംഗത്തും സജീവമാണ് ഈ കൃഷി ഓഫീസർ. ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ രേഖയും മക്കളായ രേഷ്മയും ഋതിക്കും രമേഷിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് കൂട്ടുകൂടാറുണ്ട്.