എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: നീണ്ട മുപ്പത്തിരണ്ടു വർഷങ്ങൾക്കു ശേഷം ജയകൃഷ്ണനും ക്ലാരയും രാധയും ഒരേ ഫ്രെയിമിൽ… സൂപ്പർ താരം മോഹൻലാലും നടിമാരായ പാർവതിയും സുമലതയും ചേർന്നു നില്ക്കുന്ന അപൂർവ ഫോട്ടോയ്ക്കു താഴെ ഇങ്ങനെ ഒരു അടിക്കുറിപ്പ് കൂടി വന്നപ്പോൾ അതിനു സ്വപ്ന നീഹാരത്തിന്റെ ഒരു തണുപ്പുണ്ട്. മഴയുടെ നേർത്ത നാദത്തിന്റെ സ്പന്ദനമുണ്ട്.
പ്രത്യേകിച്ചും ക്ലാര…. പദ്മരാജന്റെ ആത്മാവ്… തൂവാനത്തുന്പികൾ… എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇതു പങ്കിടുന്പോൾ 1987-ൽ പദ്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുന്പികൾ എന്ന സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച ജയകൃഷ്ണനെയും സുമലതയുടെ ക്ലാരയെയും പാർവതി ഭാവം പകർന്ന രാധയെയും മറക്കുവാനെ കഴിയുന്നില്ല ആസ്വാദകർക്കും.
ഇക്കഴിഞ്ഞ ഞായറാഴ്ച തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ ഹൈദരാബാദിലെ വീട്ടിൽ എണ്പതുകളിലെ ദക്ഷിണേന്ത്യൻ താരങ്ങളുടെ സമാഗമം നടന്നിരുന്നു. പത്താമത്തെ വാർഷിക പുനഃസമാഗമം ആയിരുന്നു ഇത്. ഇതിനിടയിൽ എപ്പോഴോ മോഹൻലാലും സുമലതയും പാർവതിയും കാമറയ്ക്കു വേണ്ടി പോസ് ചെയ്തു. നെഞ്ചിൽ സൂഫി നർത്തകന്റെ ചിത്രമുള്ള കറുത്ത ഷർട്ടിട്ട മോഹൻലാൽ നടുവിൽ.
വലതുവശത്തായി കറുത്ത ചുരിദാറും സ്വർണവർണത്തിലെ ദുപ്പട്ടയുമണിഞ്ഞ ഇന്നലെയുടെ മലയാളത്തിന്റെ സൗന്ദര്യം പാർവതി, ഇടതുവശത്ത് സ്വർണ വർണത്തിലെ വസ്ത്രം ധരിച്ച് അതീവ മനോഹരിയായി സുമലത. പാർവതിയുടെ തോളിൽ കൈചേർത്ത് ചുണ്ടിൽ കുസൃതിയുമായാണ് മോഹൻലാലിന്റെ നില്പ്. സുമലതയുടെ കൈകൾ സൂപ്പർ നടന്റെ കൈകളിൽ ചേർത്ത് തികച്ചും ഒരു സൗഹൃദ നിമിഷത്തിന്റെ ക്ലിക്ക്.
എന്നാൽ ഇതേ ഫോട്ടോച്ചിത്രം ക്ലാര എന്ന ഫേസ് ബുക്ക് കൂട്ടായ്മയിൽ ജയകൃഷ്ണനും ക്ലാരയും രാധയും ആയി വന്നപ്പോഴാണ് റേഞ്ച് മാറിയത്. പദ്മരാജൻ ഫാനുകളുടെ ഹൃദയസ്പന്ദനം തന്നെയായതും. ഇതേ അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ ചിത്രം സ്ഥാനം പിടിക്കുകയാണ്. കൊച്ചു വാശികളും കൊച്ചു അന്ധവിശ്വാസങ്ങളും കൊച്ചു ദുഃശീലങ്ങളും ചേർത്തു പദ്മരാജൻ എന്ന ഗന്ധർവ സംവിധായകൻ തീർത്തതാണ് ജയകൃഷ്ണനെ.
ജയകൃഷ്ണന്റെ നെഞ്ചിലേക്കു മഴത്തുള്ളിയായി ഇറ്റിറ്റു വീണു ക്ലാര… പ്രണയത്തിന്റെ കാണാതലങ്ങൾ, സിനിമാസ്വാദകരെ പിന്നെ അനുഭവിപ്പിച്ചു ജയകൃഷ്ണനും ക്ലാരയും…
സ്വാർത്ഥതയ്ക്കപ്പുറം ഏതോ മരുഭൂമികളിലേക്കു വെണ്ചിറകുകൾ വീശി പറന്നകന്ന ക്ലാര 1987 ൽ മാത്രമല്ല 2019ലും പ്രേക്ഷക മനസ്സിന്റെ നീറ്റലായി. സ്വപ്ന സൗന്ദര്യമാർന്ന പ്രഹേളികയായി മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു പൂർണ കഥാപാത്രമായി ജയകൃഷ്ണനും മാറി.
തൂവാനത്തുന്പികളും ക്ലാരയും ജയകൃഷ്ണനും അഡിക്ഷനായി മാറിയ വലിയ വിഭാഗം ആസ്വാദകർ ഇന്നുമുണ്ട്. ജയകൃഷ്ണന്റെ ജീവിതത്തിലേക്കു മെല്ലെ കയറി വരുന്ന രാധയെയും മറക്കുന്നില്ല മലയാളികൾ. ഞായറാഴ്ച ആരോ ക്ലിക്ക് ചെയ്ത ഈ ഫോട്ടോ ചിത്രം അതുകൊണ്ടു തന്നെ ഓർമകൾക്കു മീതെ പറക്കുകയാണ്.