സ്വന്തം ലേഖകൻ
തൃശൂർ: സൈറണ് ഘടിപ്പിച്ച ജീപ്പും കാറുമൊക്കെ ഉപേക്ഷിച്ച് സൈക്കിളിൽ ഡിജിപി തൃശൂർ നഗരം ചുറ്റി. കുട്ടികൾക്കെതിരായ അതിക്രമം തടയുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന കുഞ്ഞേ നിനക്കായ് എന്ന പോക്സോ നിയമബോധവത്കരണ കാന്പയിൻ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സൈക്കിൾ റാലിയിൽ പങ്കെടുത്ത് ഡിജിപി ലോക്നാഥ് ബെഹ്റ സൈക്കിളിൽ പൂരനഗരിക്ക് വലം വെച്ചത്.
തെക്കേഗോപുരനടയിൽ നിന്നാരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി വിദ്യാർഥി കോർണറിൽ സൈക്കിൾ റാലി സമാപിച്ചു. ഡിജിപിക്കൊപ്പം സൈക്കിളിൽ നഗരം ചുറ്റാൻ മറ്റു സൈക്കിളുകളിൽ തിരുവനന്തപുരം ക്രൈം ഐജി എസ്.ശ്രീജിത്തും തൃശൂർ റേഞ്ച് ഡിഐജി എസ്.സുരേന്ദ്രനും സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയുമുണ്ടായിരുന്നു. തുടർന്ന് കാന്പയിൻ ഡിജിപി ഉദ്ഘാടനം ചെയ്തു. പോക്സോ ബോധവത്കരണ വീഡിയോ പ്രദർശനം, ഫ്ളാഷ് മോബ്, തെരുവുനാടകം എന്നിവയുണ്ടായിരുന്നു.
28, 29, 30 തീയതികളിൽ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ കാന്പയിൻ നടക്കും. പോക്സോ നിയമവും ശിക്ഷയും ഇടപെടലുകളും വ്യക്തമാക്കുന്ന വിഡിയോയും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. ബസ് സ്റ്റോപ്, വിദ്യാലയങ്ങൾ തുടങ്ങിയ പൊതുകേന്ദ്രങ്ങളിൽ പൊലീസ് എത്തും. ആദ്യഘട്ടത്തിൽ 50 ലക്ഷം പേരിലേക്ക് സന്ദേശം എത്തിക്കും.
സെൻറ് മേരീസ് കോളജ്, ശക്തൻ തന്പുരാൻ കോളജ്, സ്കൂൾ ഓഫ് ഡ്രാമ എന്നിവരുടെ നേതൃത്വത്തിലാണ് ഫ്ളാഷ് മോബും തെരുവുനാടകവും അവതരിപ്പിക്കുന്നത്. 30ന് വൈകീട്ട് നാലിന് ശക്തൻ ബസ്സ്റ്റാൻഡിലാണ് സമാപനം.