കൊടകര: ഛായാഗ്രഹണ കലയിൽ വേറിട്ട വ്യക്തിമുദ്ര പതി പ്പിച്ച പ്രതിഭയാണു കിഴക്കേ കോടാലി സ്വദേശിയായ സുനിൽ പുണർക്ക. രണ്ടു പതിറ്റാണ്ടിനിടെ ചെറുതും വലുതുമായ മുപ്പതോളം പുരസ്കാരങ്ങളാണ് ഈ യുവ ഫോട്ടോഗ്രാഫറെ തേടിയെത്തിയിട്ടുള്ളത്. ഉത്സവങ്ങളുടെ നിറക്കാഴ്ചകളാണു സുനിലിന്റെ ചിത്രങ്ങൾ മിക്കതും. പലപ്പോഴായി ലഭിച്ച പുരസ്കാരങ്ങളിൽ പകുതിയും ഉത്സവക്കാഴ്ചകൾക്കാണ്.
ഉത്സവപ്പറന്പുകളിലെ പതിവുകാഴ്ചകളെപ്പോലും സുനിലിന്റെ കാമറക്കണ്ണുകൾ വേറിട്ടതാക്കി മാറ്റുന്നു. കൊടകര ഷഷ്ഠി, ചെന്പുചിറ പൂരം, കുഴൂർ ഏകാദശി, കുംഭഭരണി ആഘഷം, മീന തിരുവോണ മഹോത്സവം തുടങ്ങിയ ഉത്സവാഘോഷങ്ങളിൽനിന്ന് സുനിൽ പകർത്തിയചിത്രങ്ങൾക്കു പലപ്പോഴായി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഉത്സവക്കാഴ്ചകൾ കഴിഞ്ഞാൽ സുനിലിന്റെ കാമറക്കണ്ണുകൾ തിരിയുന്നത് കാർഷിക വൃത്തിയിലേക്കാണ്.
കൃഷിയുടെ വിവിധ ഘട്ടങ്ങളെ വർണ ചാരുതയോടെ പകർത്തുന്നതിൽ ഈ യുവഫോട്ടോഗ്രാഫറുടെ കരവിരുത് വേറിട്ടതാണ്. ഫാം ഇൻഫർമേഷൻ ബ്യൂറോ അടക്കമുള്ളവ സംഘടിപ്പിച്ച കാർഷിക ഫോട്ടോഗ്രഫി മത്സരങ്ങളിൽ സുനിലിന്റെ ചിത്രങ്ങൾ സമ്മാനാർഹമായിട്ടുണ്ട്. 2001 ൽ കൊച്ചിൻ റിഫൈനറീസ് സംഘടിപ്പിച്ച സംസ്ഥാന തല ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതിലൂടെയാണു സുനിൽ പുണർക്ക ഫോട്ടോഗ്രഫി രംഗത്ത് ശ്രദ്ധേയനായത്.