തെന്മല : ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷന് ഡാം ജംഗ്ഷനില്‍ കെഐപിയുടെ വക ഐബി കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. പ്രതിഷേധങ്ങള്‍ക്കിടയിലും ഡിസംബര്‍ ഒന്നുമുതല്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം ഐബി കെട്ടിടത്തിലേക്ക് മാറ്റാനുള്ള അവസാന ഘട്ടത്തിലാണ് പോലീസ്.പോലീസ് സ്റ്റേഷന് തെന്മല ജംഗ്ഷനില്‍ നിന്നും മാറ്റുന്നതിനെതിരെ ആര്.എസ്.പിയുടെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ സത്യഗ്രഹം സമരം ആരംഭിച്ചിട്ടുണ്ട്.
തെന്മല പോലീസ് സ്റ്റേഷൻ നിലവിൽ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് തന്നെ സർക്കാർ പണം മുടക്കി നവീകരിക്കണം എന്നാണ് ആര്.എസ്.പിയുടെ ആവശ്യം. സ്റ്റേഷന് മാറ്റുന്നതില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം ചെങ്കോട്ട സംസ്ഥാന പാതയുടെയും, കൊല്ലം തിരുമംഗലം ദേശീയ പാതയുടെയും സംഗമ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷന് വിജനമായ സ്ഥലത്ത് മാറ്റുന്നതോടെ ക്രമസമാധാന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും.
വനം വകുപ്പിന്റെ ഒരേക്കര്‍ ഭൂമി പോലീസ് സ്റ്റേഷന് കെട്ടിട നിര്‍മ്മാണത്തിനായി വിട്ടുനല്‍കി എന്ന് പറയുന്നതല്ലാതെ നടപടി ഒന്നുമായിട്ടില്ല എന്നും ആര്‍എസ്പി നേതാവ് നാസര്‍ ഖാന് ആരോപിച്ചു. എന്തുവിലകൊടുത്തും പോലീസ് സ്റ്റേഷന് മാറ്റുന്ന നടപടിയെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.