കരുനാഗപ്പള്ളി :ജി എസ് ടി യും നോട്ട് നിരോധനവും സംസ്ഥാനത്തിന്റെ വരുമാനം കുറച്ചതായി മന്ത്രി എ .കെ ബാലൻ. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ കരുനാഗപ്പള്ളി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര പിന്നോക്ക വികസന ഏജൻസി നൽകിയ 290 കോടി രൂപയും തിരിച്ചടവിലൂടെ കോർപ്പറേഷന് ലഭിച്ച 210 കോടിരൂപയും ഉൾപ്പെടെ 600 കോടി രൂപയുടെ വായ്പയാണ് ഈ വർഷം കോർപ്പറേഷൻ നൽകി വരുന്നത്.
ജി എസ് ടി യുടെ നടപ്പിലാക്കൽ വഴിയും നോട്ട് നിരോധനവും സൃഷ്ടിച്ച സംസ്ഥാനത്തിന്റെ വരുമാനം വലിയ തോതിൽ കുറഞ്ഞു.ജി എസ് ടി കരാർ പ്രകാരം സംസ്ഥാനത്തിന് കേന്ദ്രം തരേണ്ടിയിരുന്ന 1600 കോടി രൂപയും തന്നില്ല.ഇത് സർക്കാരിന്റെ വിവിധ ആസൂത്രണ പദ്ധതികളെയും വികസന പദ്ധതികളെയും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ തുടങ്ങിയ കിഫ്ബി പദ്ധതി മാത്രമാണ് പ്രതീക്ഷ. കരുനാഗപ്പള്ളിയിൽ സാംസ്കാരിക സമുച്ചയം യാഥാർത്ഥ്യമാക്കാൻ സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.ആർ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷ എം ശോഭന, എ പി ജയൻ, എ മഹേന്ദ്രൻ, പി എൻ സുരേഷ് കുമാർ,നഗരസഭാ കൗൺസിലർ സി വിജയൻപിള്ള, ജെ ജയകൃഷ്ണപിള്ള, കാട്ടുംകുളം സലീം, കമറുദീൻ മുസലിയാർ, പി രാജു, എ വിജയൻ, തുടങ്ങിയവർ പ്രസംഗിച്ചു.
പ്രവാസി പുനരധിവാസ വായ്പ, വിദ്യാഭ്യാസ വായ്പ, സ്വയം തൊഴിൽ, വിവാഹം, വാഹന ധനസഹായം, ഭവന വായ്പ എന്നിവയുടെ വിതരണവും നടന്നു.