കൊച്ചി: പുതുതലമുറയിലെ ചില നട·ാർ സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന നിർമാതാക്കളുടെ ആരോപണം ശരിവച്ച് അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബാബുരാജ്. സിനിമാ സെറ്റുകളിൽ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് പരിശോധനയുണ്ടായാൽ പലരും കുടുങ്ങുമെന്നും ബാബുരാജ് പറഞ്ഞു. ഷെയ്ൻ നിഗമിന്റെ വിഷയത്തിൽ ഇടപെടാൻ അമ്മയ്ക്കു പരിമിതിയുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി.
സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം ഫാഷനായി മാറി. എൽഎസ്ഡിയേക്കാൾ രൂക്ഷമായ ലഹരികളാണ് ചിലർ ഉപയോഗിക്കുന്നത്. ചില സിനിമാ സെറ്റുകൾ ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവരുടേതു മാത്രമാണ്. സെറ്റിൽ പോലീസ് തെരച്ചിൽ നടത്തിയാൽ പലരും കുടുങ്ങും.
ലഹരി ഉപയോഗിക്കാത്തവർ ഒന്നിനും കൊള്ളില്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്. ലഹരി ഉപയോഗിക്കുന്നവർ പലരും അമ്മയുടെ ഭാഗമല്ല. അവർക്കു താത്പര്യവുമില്ല. നിർമാതാക്കൾ പറയുന്നത് വസ്തുനിഷ്ഠമാണെന്നും ബാബുരാജ് പറഞ്ഞു.
ഷെയ്നിന്റെ വിഷയത്തിൽ ഇടപെടാൻ അമ്മയ്ക്കു പരിമിതിയുണ്ട്. പ്രശ്നമുണ്ടായപ്പോൾ മാത്രമാണ് ഷെയ്ൻ അമ്മയിൽ അംഗമായത്. ഷെയിനിന്റെ കാര്യത്തിൽ ഇടപെടൽ ഫലവത്താകില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. ഷെയിനിന്റെ വീഡിയോകൾ കണ്ടാൽ പലതും മനസിലാകും. നിർമാതാവുമായുള്ള കരാർ ലംഘിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഷെയ്നിനു പിന്തുണ നൽകുന്നതിൽ പരിധിയുണ്ടെന്നും ബാബുരാജ് പറഞ്ഞു.
സിനിമയുടെ എല്ലാ മേഖലയിലും ലഹരിമരുന്ന് ഉപയോഗം വ്യാപകമാണ്. ഇതു മനസിലായതുകൊണ്ടാണ് ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പുറത്താക്കുമെന്ന നിയമം ഉൾപ്പെടുത്തി അമ്മയുടെ ബൈലോ പുതുക്കിയത്. നടിമാരിൽ ചിലരും ലഹരി ഉപയോഗിക്കുന്നവരുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി.
പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നടത്തിയ പത്രസമ്മേളനത്തിൽ നിർമാതാക്കളുടെ സംഘടനാ പ്രസിഡന്റ് രഞ്ജിത്താണ് പുതുതലമുറയിലെ ചില നട·ാർ സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന ഗുരുതരമായ ആരോപണമുന്നയിച്ചത്. മലയാളത്തിലെ ന്യൂജൻ സിനിമാക്കാരിൽ ലഹരി പിടിമുറക്കുകയാണെന്ന ആരോപണത്തിന് ഏറെ പഴക്കമുണ്ടെങ്കിലും സിനിമാരംഗത്തുള്ളവർതന്നെ ഇക്കാര്യം പരസ്യമായി പറയുന്നത് ഇതാദ്യമാണ്.
സ്വബോധത്തോടെയാണെന്നു തോന്നാത്തവിധമാണു പല യുവനടൻമാരും പലപ്പോഴും പെരുമാറുന്നത്. ലക്ഷങ്ങൾ എണ്ണി വാങ്ങിയിട്ടു തനിക്ക് മൂഡില്ലെന്നും മറ്റും പറഞ്ഞു ഷൂട്ടിംഗ് വൈകിപ്പിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇത്തരം ദുരനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു.
യുവനടൻ ഷെയിൻ നിഗമിന്റെ നിസഹകരണം മൂലം വെയിൽ, കുർബാനി എന്നീ സിനിമകളുടെ ചിത്രീകരണം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഷൂട്ടിംഗ് പാതിവഴിയിൽ എത്തിനിൽക്കെയാണു രണ്ടു സിനിമകളും ഉപേക്ഷിക്കുന്നത്.