തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ തടഞ്ഞുവച്ച സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ. ബാർ അസോസിയേഷൻ പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ കെ.പി ജയചന്ദ്രൻ അടക്കമുള്ളവർക്കെതിരേ വനിതാ മജിസ്ട്രേറ്റ് ദീപാ മോഹൻ നൽകിയ മൊഴിയിലാണ് ഈ ആരോപണങ്ങൾ.
ദേഹോപദ്രവം ഏൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കെ.പി ജയചന്ദ്രൻ അടക്കമുള്ളവർ തന്നെ തടഞ്ഞുവച്ചു. കെ.പി. ജയചന്ദ്രൻ കൈചൂണ്ടി തന്റെ നേർക്ക് അടുക്കുകയും ഈ ഉത്തരവ് മാറ്റിയെഴുതണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീയായിപ്പോയി, അല്ലെങ്കിൽ ചേംന്പറിന് പുറത്തേക്ക് വലിച്ചിട്ട് തല്ലിച്ചതച്ചേനെയെന്ന് ആക്രോശിച്ചു.
ഇനി ഇവിടെ ഇരുന്നുകൊള്ളണമെന്നും പുറത്ത് ഇറങ്ങിപ്പോകരുതെന്നും പറഞ്ഞു. ഈ കോടതി എങ്ങനെ പ്രവർത്തിക്കണമെന്ന് അഭിഭാഷകർ തീരുമാനിക്കും. ഈ കോടതി ഇനി പ്രവർത്തിക്കില്ലെന്നും കെ.പി. ജയന്ദ്രൻ പറഞ്ഞതായി മജിസ്ട്രേറ്റ് ദീപാ മോഹൻ മൊഴിയിൽ പറയുന്നു.
സംഭവത്തിൽ 10 അഭിഭാഷകർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മജിസ്ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി. ജയചന്ദ്രനും മറ്റു ഭാരവാഹികളും അടക്കം കണ്ടാലറിയാവുന്ന 10 അഭിഭാഷകരെ പ്രതികളാക്കി വഞ്ചിയൂർ പോലീസ് കേസെടുത്തത്.
മജിസ്ട്രേറ്റ് ദീപ മോഹന്റെ പരാതിയിൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റാണു കേസെടുക്കാൻ നിർദേശിച്ചു പോലീസിനു കൈമാറിയത്. മജിസ്ട്രേറ്റിനെ ചേംബറിൽ തടഞ്ഞുവച്ചതടക്കമുള്ള പരാതിയിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണു കേസെടുത്തത്. ഇതു സംബന്ധിച്ച എഫ്ഐആറും പോലീസ് രജിസ്റ്റർ ചെയ്തു. വഞ്ചിയൂർ കോടതിയിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയിലും പരാതി നൽകിയിട്ടുണ്ട്.
അതേസമയം, അഭിഭാഷകർക്കെതിരേ കേസെടുത്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലെ കോടതികൾ അഭിഭാഷകർ ബഹിഷ്കരിക്കുമെന്നു ബാർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.