കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ ആദ്യഇര റിട്ട.ടീച്ചർ പൊന്നാമറ്റത്തിൽ അന്നമ്മയെ കൊലപ്പെടുത്താന്‍ ജോളിക്ക് ഡോഗ്കില്‍ പ്രിസ്ക്രിപ്ഷന് നല്കിയ ഡോക്ടറെ തിരിച്ചറിഞ്ഞു. കോഴിക്കോട് മൃഗാശുപത്രിയില്‍ 2012 കാലഘട്ടത്തില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാരെയാണ് തിരിച്ചറിഞ്ഞത്. അന്നമ്മ വധക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണസംഘമാണ് ഡോക്ടര്‍മാരെ തിരിച്ചറിഞ്ഞത്.
ഇവരുമായി ഫോണ്‍ വഴി അന്വേഷണസംഘം ബന്ധപ്പെട്ടു. രണ്ടുഡോക്ടര്‍മാര്‍ക്ക് പുറമേ മൂന്ന് അറ്റന്‍ഡര്‍മാരേയും തിരിച്ചറിഞ്ഞാതായി അറിയുന്നു. ജോളിക്ക് പ്രിസ്ക്രിപ്ഷന് എഴുതിയ നല്കിയ കാലഘട്ടത്തില്‍ നിരവധി പേര്‍ക്ക് സമാനമായ വിഷമരുന്ന് എഴുതി നല്‍കിയിട്ടുണ്ടെന്നാണ് ഇവര്‍ അറിയിച്ചു. ജോളിക്ക് നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമായി ഓര്‍ക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ അന്വേഷണസംഘത്തോട് പറഞ്ഞു. എന്നാൽ മരുന്ന് രജിസ്റ്ററിൽ ജോളിയുടെ പേരുള്ളത് തെളിവാകും.
പതിനേഴു വര്‍ഷം മുമ്പുള്ള സംഭവമായതിനാല്‍ പരമാവധി സാഹചര്യ തെളിവുകളാണ് അന്നമ്മ വധക്കേസില്‍ പ്രധാനമായും പോലീസ് ശേഖരിക്കുന്നത്. മറ്റുള്ളവരെയെല്ലാം സയനൈഡ് നല്കി കൊലപ്പെടുത്തിയതാണെന്നും അന്നമ്മയെ ഡോഗ്കില്‍ നല്‍കിയാണ് കൊലപ്പെടുത്തിയതെന്നുമാണ് ജോളി മൊഴി നല്‍കിയത്. ഇത് സാധൂകരിക്കും വിധത്തിലുള്ള തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിലെ പഴയ രജിസ്റ്ററില്‍ നിന്ന് പ്രിസ്ക്രിപ്ഷന്റെ വിശദാംശം ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്യത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ തുടച്ചയായാണ് അക്കാലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെ മൊഴി ശേഖരിക്കുന്നത്. ഡോഗ്കില്‍ എന്ന മാരക വിഷം സര്‍ക്കാര്‍ നിരോധിക്കുന്നതിന് മുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ മൃഗാശുപത്രിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെ മൊഴിയിലൂടെ സാധിക്കും.
അസുഖം ബാധിച്ച പട്ടിയെ കൊല്ലാന്‍ മരുന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പലരും അക്കാലങ്ങളില്‍ എത്തിയിരുന്നത്. ഇത്തരം ആവശ്യവുമായെത്തുന്നവര്ക്ക് ഡോഗ്കില്‍ എഴുതി നല്‍കാറുണ്ടെന്നും ഇവരുടെ പേര് വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ രജിസ്റ്റര്‍ നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജോളി ദേവഗിരി എന്ന പേരിലായിരുന്നു ജോളി ഡോക്ടറെ സമീപിച്ചത്.
പ്രിസ്ക്രിപ്ഷനുമായി ചിന്താവളപ്പിനടുത്ത് വളര്‍ത്തുമൃഗങ്ങളുടെ മരുന്നുകള്‍ വില്‍ക്കുന്ന കടയില്‍ പോയി ജോളി ഡോഗ് കില്‍ വാങ്ങി. ഇത് രാത്രി ആട്ടിന്‍ സൂപ്പില്‍ ഒഴിച്ച് നന്നായി ഇളക്കി വച്ചതായും, പിറ്റേന്ന് രാവിലെ സൂപ്പ് കഴിച്ച അന്നമ്മ കുഴഞ്ഞു വീണതായും ജോളി പോലീസിനോടു പറഞ്ഞു. വായില്‍ നിന്നും മൂക്കില്‍ നിന്നും നുരയും പതയും വന്ന് ഞരമ്പുകള്‍ വരിഞ്ഞുമുറുകി മരിക്കുന്നതാണ് ഡോഗ്കില്‍ മരുന്നിന്റെ ലക്ഷണം. അന്നമ്മ മരിച്ചതും ഈ ലക്ഷണങ്ങളോടെയാണ്.
മാത്യു മഞ്ചാടിയില്‍ വധക്കേസ്; പ്രജികുമാറിനെ റിമാന്‍ഡില്‍ വിട്ടു
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിലായിരുന്ന കേസില്‍ മൂന്നാംപ്രതി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പ്രജികുമാര്‍ (48)നെ താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പ്രജികുമാറിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയത്. കൊയിലാണ്ടി സിഐ കെ. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തുടന്നും കസ്റ്റഡി ആവശ്യപ്പെടാതിരുന്നതിനാല്‍ ഡിസംബര്‍ 11 വരെ പ്രതിയെ കോടതി റിമാന്‍ഡില്‍ വിടുകയായിരുന്നു.
മാത്യുവിന്റെ നാലു ജാമ്യാപേക്ഷകളും കോടതി തള്ളി
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാം പ്രതി കാക്കവയല്‍ മഞ്ചാടി എം.എസ്. മാത്യു എന്ന ഷാജി(44) ന്റെ നാലു ജാമ്യാപേക്ഷകളും കോടതി തള്ളി. ഇയാളുടെ അഭിഭാഷകന് ഷഹീര്‍ സിംഗ് മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.
സിലി കേസില്‍ വധക്കേസില്‍ താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യിലും ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്ഫൈന് കേസുകളില്‍ താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലും സമര്‍പ്പിച്ച അപേക്ഷകളിലാണ് ജാമ്യം നിഷേധിച്ചത്.