കണ്ണൂർ: കുത്താൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നത് ഒരു പഴഞ്ചൊല്ലാണ്. കണ്ണൂരിൽ ഇതിപ്പോൾ ചില വകഭേദങ്ങളോടെ തെരുവ് നായക്കെന്ത് ജയിൽ വാർഡനെന്ന രീതിയിലാണ് പറയപ്പെടുന്നത്. തടവുകാരെ നിയന്ത്രിച്ച് നിലക്കു നിർത്തുന്നവരാണ് കാക്കിയിട്ട ജയിൽ വാർഡൻമാരെങ്കിലും ഇവരുടെ കാക്കിയെയും ഔദ്യോഗിക പദവിയെയും സെൻട്രൽ ജയിൽ പരിസരത്തെ തെരുവ് നായകൾക്ക് പുല്ലുവിലയാണ്.
ഇന്നു രാവിലെ ജയിൽ പരിസരത്ത് വച്ച് ഒരു തെരുവ് നായ പണി കൊടുത്തത് ജയിൽ വാർഡനു തന്നെ. റെനീഷ് എന്ന യുവ വാർഡനെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. കടിയേറ്റ ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ജയിൽ വളപ്പിലും തൊട്ടുമുന്നിലെ ജയിൽ ഭക്ഷ്യ വില്പന കൗണ്ടർ പരിസരത്തുമെല്ലാം തെരുവ് നാശ ശല്യം രൂക്ഷമാണ്.. ജയിൽ ചപ്പാത്തി വില്പന നടത്തുന്ന കൗണ്ടറിനു മുന്നിലായി ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കിയതോടെ ഇവിടുത്തെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും തിന്നാനെത്തുന്ന തെരുവ് നായകൾ ഇവിടെ തന്നെ തന്പടിക്കുകയായിരുന്നു.
നായക്കൂട്ടം പരിസരത്തെ വീട്ടുകാർക്കും സമീപത്തെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും കാൽനടയാത്രികർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വീടുകളിലെ മുന്നിൽ അഴിച്ചിട്ട ചെരിപ്പുകളും അലക്കി ആറിയിട്ട തുണികളും തെരുവ് നായകൾ വ്യാപകമായി നശിപ്പിക്കുന്നതും പതിവാണ്.