പാനൂർ: പെരിങ്ങത്തൂർ അണിയാരത്തെ പയലത്ത് വീട്ടിൽ അബ്ദുള്ള – ഹഫ്സത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് ആഷിർ (17) മരണപ്പെട്ടിട്ട് രണ്ട് വർഷമാകുന്നു. 2017 ഡിസംബർ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തങ്ങൾ പീടികയിലെ ചായക്കടയിൽ സഹപാഠികളായ രണ്ട് പേരോടൊപ്പം ഇരിക്കവേ ആഷിറിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്കൂൾ അധ്യാപകന്റെ നേതൃത്വത്തിൽ തലശേരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് വീട്ടുകാർ പാനൂർ സിഐയ്ക്ക് അന്ന് തന്നെ പരാതി നൽകിയെങ്കിലും ഒരാളെ പോലും ചോദ്യം ചെയ്യാൻ തയാറായില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. മയക്കുമരുന്ന് ലോബിയുടെ ശക്തമായ ഇടപെടൽ മൂലമാണ് അന്വേഷണം മുടങ്ങിയതെന്ന് വീട്ടുകാർ ആരോപിക്കുന്നു.
പെരിങ്ങത്തൂർ, അണിയാരം മേഖലകളിലെ ശക്തരായ മയക്കുമരുന്ന് മാഫിയകളാണ് തന്റെ മകന്റെ മരണത്തിന് പിന്നിലെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ എസ്ഐ, സിഐ, ഡിവൈഎസ്പി തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ലെന്നും ഉമ്മ ഹഫ്സത്ത് പറയുന്നു.
ഒരു ജോലിയും ചെയ്യാതെ വെറുതെ നടക്കുന്ന ചിലർ സമീപകാലത്തായി ആർഭാട ജീവിതം നയിക്കുന്നതായും ഇവരിൽ ചിലരാണ് ഞങ്ങളുടെ മകനെ നശിപ്പിച്ചതെന്നും ആഷിറിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു. അന്വേഷണ വലയത്തിൽ വരേണ്ട ആരെ പറ്റിയും അന്വേഷണോദ്യോഗസ്ഥനായ പാനൂർ സിഐ അന്വേഷിച്ചില്ലെന്നും മകനെ മരണത്തിലേക്കെത്തിച്ചവർ ഇന്നും വിലസുകയാണെന്നും ഉമ്മ ഹഫ്സത്ത് പറയുന്നു.
ആഷിറിന്റെ മരണം അന്വേഷിക്കമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുമെന്നും മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, എസ്പി, ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകിയിട്ടുണ്ടെന്നും ആഷിറിന്റെ മാതാപിതാക്കൾ പറയുന്നു. പ്രാദേശിക മുസ്ലിം ലീഗ് മുൻകൈയെടുത്ത് അണിയാരത്ത് പി.കെ. യൂസഫ് ഹാജി ചെയർമാനും വി.പി. അശ്റഫ് കൺവീനറുമായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചെങ്കിലും അതിന്റെ പ്രവർത്തനം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനായില്ല.
പെരിങ്ങത്തൂർ, കുറ്റ്യാടി, പാറക്കടവ്, അണിയാരം, കരിയാട് തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വലിയ നെറ്റ് വർക്കുള്ള മയക്കുമരുന്ന് ലോബി പ്രവർത്തിക്കുന്നതായി ആരോപണമുയർന്നിട്ട് നാളുകളേറെയായി. കഴിഞ്ഞ ദിവസം ഒളവിലം സ്വദേശിയായ ഡിഗ്രി വിദ്യാർഥി ലഹരി ഉപയോഗിച്ച് പാനൂർ ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ ഒന്നാം നിലയിൽ നിന്നും വീണ് നട്ടെല്ലിന് ക്ഷതമേറ്റ് ചികിൽസയിലാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാനൂരിനടുത്ത വള്ള്യായി നവോദയ കുന്നിൽ നിന്നും ഒരു കോടി രൂപയും ലഹരി ഗുളികകളുമായി വാഹനത്തിൽ മൂന്നംഗ സംഘത്തെ പാനൂർ പോലീസ് പിടികൂടിയിരുന്നു. ആഷിറിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ വീട്ടുകാർക്ക് സഹായ ചെയ്ത രണ്ട് സാമൂഹ്യ പ്രവർത്തകരെ ഫോണിലും നേരിട്ടും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഭീഷണി ഭയന്നാണ് ഈ വിഷയത്തിൽ ഇടപെടാൻ മടിക്കുകയാണ് പലരും.
ആഷിറിന്റെ പിതാവ് പറയുന്നത്
മരിക്കുന്നതിന് ഏതാനും മാസം മുമ്പ് ആഷിറിനെ തലശേരിയിലെ ഒരു മന8ശാസ്ത്ര കൗൺസിലറെ കാണിച്ചിരുന്നു. ചിലർ തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആഷിർ കൗൺസിലിംഗിനിടെ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അണിയാരത്തെ കോഴിക്കടയിൽ ജോലി ചെയ്തിരുന്ന വയനാട് സ്വദേശിയായ ഒരാളെ പിടികൂടുകയും 50 ദിവസത്തിലധികം റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ആഷിർ വെളിപ്പെടുത്തിയ ചിലർ രാഷ്ട്രീയ സ്വാധീനത്താൽ രക്ഷപ്പെടുകയായിരുന്നു. കൗൺസിലിംഗിന് ശേഷം ആഷിറിനെ സ്കൂളിലേക്ക് തന്റെ ഓട്ടോയിൽ കൊണ്ടുവിടലാണ് പതിവ്. അതിന് ശേഷം തന്റെ ഓട്ടോറിക്ഷ രാത്രി കാലങ്ങളിൽ നിരവധി തവണ അജ്ഞാതസംഘം കേടുവരുത്തിയിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്.
മരിക്കുന്ന ദിവസം ഉച്ചയ്ക്ക് 12.30ന് സ്കൂൾ ഉച്ചയൂണിന് വിട്ട ശേഷം രണ്ട് സുഹൃത്തുക്കളോടൊപ്പം ആഷിർ തങ്ങൾ പീടികയിൽ നിന്ന് പാനൂർ ബസ് സ്റ്റാൻഡിലേക്ക് ബസ് കയറി. സ്റ്റാൻഡിലെത്തിയ ആഷിർ അജ്ഞാതനായ ഒരാളൊടൊപ്പം പാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പോയി സ്റ്റാൻഡിൽ തിരിച്ചെത്തി. ഒരു മണിയോടെ സുഹൃത്തുക്കളോടൊപ്പം ചുവന്ന കാറിൽ ഈ അജ്ഞാതൻ അവശനിലയിലായ ആഷിറിനെ തങ്ങൾ പീടികയിൽ ഇറക്കിവിടുകയായിരുന്നു. സുഹൃത്തുക്കളായ രണ്ട് പേരോടൊപ്പം സമീപത്തെ ചായക്കടയിൽ ഇരുന്നപ്പോൾ ആഷിർ കുഴഞ്ഞുവീഴുകയായിരുന്നു.
സജീവ എംഎസ്എഫ് പ്രവർത്തകനായ ആഷിറിന്റെ മരണത്തിന് ശേഷം പ്രദേശത്തെ രണ്ട് യുവാക്കൾ നാട്ടിൽ നിന്നും അപ്രത്യക്ഷമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയസ്തംഭമാണെന്ന് പറയുന്നുണ്ടെങ്കിലും മൃതദേഹം പ്രാഥമിക പരിശോധന നടത്തിയ ഡോക്ടർ കിഡ്നി, കരൾ, ആമാശയം, പാൻക്രിയാസിസ് എന്നിവിടങ്ങളിൽ രക്തം കട്ടപിടിച്ചതായും ഇതിൽ അസ്വാഭാവികതയുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
പാനൂർ ബസ് സ്റ്റാൻഡിന് സമീപത്തെ ഖബർസ്ഥാനിലേക്ക് ആഷിറിനെ കൂട്ടികൊണ്ടു പോയ ആൾ, അന്നേ ദിവസം കൂടെയുണ്ടായിരുന്ന രണ്ട് സഹപാഠികൾ, സഹപാഠികൾക്കും ആഷിറിനും ഭക്ഷണം വാങ്ങി നൽകിയയാൾ, ഉച്ചയ്ക്ക് തിരികെ കാറിൽ തങ്ങൾ പീടികയിൽ ആഷിറിനെയും സഹപാഠികളെയും ഇറക്കിയാൾ എന്നിവർ ആഷിറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ പരിധിയിൽ വരാത്തത് എന്തുകൊണ്ടെന്നത് ദുരൂഹതയുണ്ടാക്കുന്നു.
നാട്ടിൽ കല്യാണത്തിനോ മറ്റ് ക്ഷണിക്കപ്പെട്ട ചടങ്ങുകൾക്കോ പോയാൽ ചിലർ അകലം പാലിക്കുന്നതായും ഭ്രഷ്ട് കൽപിക്കുന്നതായും ആഷിറിന്റെ പിതാവ് അബ്ദുള്ള പരിതപിക്കുന്നു. ഇതിന് മാത്രം ഞാൻ എന്ത് തെറ്റാണ് ചെയ്തതതെന്ന് ഭ്രഷ്ട് കൽപിച്ചവർ പറയണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.