ഓണം ബംബറടിച്ച പോലെയാണ് യുഎഇയിലെ ജയിലുകളിൽ കഴിയുന്ന മലയാളികളടക്കമുള്ള 700 തടവുകാർക്കിപ്പോൾ. രണ്ടു കോടിയുടെ ഓണം ബംബറിന് തുല്യമാണ് അവരുടെ സന്തോഷം. ശിക്ഷാ കാലവധി കഴിഞ്ഞിട്ടും പിഴ അടയ്ക്കാനില്ലാത്തതിനാൽ ജയിലുകളിൽ തുടരേണ്ടിവന്ന തടവുകാരുടെ ബാധ്യത തീർക്കാൻ പ്യുവർ ഗോൾഡ് ഗ്രൂപ്പ് ചെയർമാനും ഇന്ത്യൻ വ്യവസായിയുമായ ഫിറോസ് മർച്ചന്റ്.
10 ലക്ഷം ദിർഹം (രണ്ടു കോടിയോളം രൂപ) നൽകിയതോടെ 700 തടവുകാർക്ക് മോചനമാവുകയാണ്. സഹിഷ്ണുതാ വർഷം, യുഎഇയുടെ 48-ാമത് ദേശീയ ദിനാഘോഷം എന്നിവയോടനുബന്ധിച്ചാണ് താൻ ഈ തുക നൽകി തടവുകാരെ മോചിപ്പിക്കുന്നതെന്ന് ഫിറോസ് മർച്ചന്റ് അറിയിച്ചു.
ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാക്ക്, ഫിലിപ്പീൻസ്, റഷ്യ, തായ്ലൻഡ് തുടങ്ങി 30 രാജ്യക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് കാരുണ്യപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെന്നും ഫിറോസ് മർച്ചന്റ് പറഞ്ഞു.