ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി ഉത്തരവ്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
നടി ആക്രമണത്തിനിരയായ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ദിലീപ് സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ദിലീപിന്റെ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. ഹർജിക്കാരന് ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. അഭിഭാഷകന്റെയും ഐടി വിദഗ്ധന്റെയും സാന്നിധ്യത്തിൽ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ കോടതി അനുമതി നൽകി.
എന്നാൽ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അനുമതിയുടെ മറവിൽ വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.