വിഴിഞ്ഞം: പ്രാർഥനാനേരങ്ങളിൽ മുറിയിൽ നിറയുന്ന ചിത്രവെളിച്ചത്തിൽ അവർ പപ്പയുടെ മുഖം തിളങ്ങുന്നത് വീണ്ടു കാണും. ചില്ലിട്ട ചിത്രത്തിൽ പപ്പയുടെ മുഖത്ത് പ്രതീക്ഷയുടെ ഒരു മെഴുതിരിനാളം പ്രതിഫലിക്കും. പപ്പ തിരിച്ചു വരും, വർഷങ്ങളെത്ര കഴിഞ്ഞാലും…കോട്ടപ്പുറം വലിയ പള്ളിക്ക് സമീപം സിനു ഭവനിലെ സഹോദരങ്ങളായ സിനുവിന്റെയും സുബിന്റെയും സോണിയുടെയും അവരുടെ മാതാവ് മിനിയുടെയും കാത്തിരിപ്പിന് ഇന്ന് രണ്ടു വർഷം തികയുന്നു.
ഓഖിയിൽ കാണാതായ അച്ഛൻ സെബാസ്റ്റ്യൻ അടിമയുടെ തിരിച്ച് വരവിനുവേണ്ടിയുള്ള പ്രാർഥനയിലാണ് അവരിപ്പോഴും. ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവിച്ചിരുപ്പുണ്ടെങ്കിൽ തങ്ങളുടെ സ്നേഹനിധിയായ അച്ഛൻ തിരിച്ച് വരുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. അവർ മാത്രമല്ല ഓഖി തകർത്തെറിഞ്ഞ 93 കുടുംബങ്ങളാണ് തങ്ങളുടെ ഉറ്റവരുടെയും ഉടയവരുടെയും തിരിച്ച് വരവിനായി ഉള്ളുരുകി പ്രാർഥിച്ചു കഴിയുന്നത്.
2017 നവംബർ 29 ലെ രാത്രി മുതൽ വീശിയടിച്ച ഓഖി ചുഴലിക്കാറ്റിനൊപ്പം സംഹാര താണ്ഡവമാടിയ കടൽ 143 പേരെയാണ് വിഴുങ്ങിയത്. അതിൽ അൻപത് പേരുടെ ചേതനയറ്റ ശരീരങ്ങൾ കരയിൽ കാത്തിരുന്നവർക്ക് തിരിച്ചുകിട്ടി. 92 പേർ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അവരുടെ കുടുംബാംഗങ്ങൾക്കറിയില്ല. കടലമ്മയുടെ മടിത്തട്ടിലേക്ക് താഴ്ന്ന് പോയവർ തങ്ങളെ കാത്തിരിക്കുന്നവർക്ക് സമ്മാനിച്ചത് ഒരു പിടി നൊന്പരങ്ങളുടെ ദിനങ്ങളായിരുന്നു.
2017 നവംബർ 30 ന് തിരുവനന്തപുരം ജില്ലയിലെ പരന്പരാഗതമീൻപിടുത്തക്കാർക്ക് കറുത്ത ദിനമായിരുന്നു. 29 ലെ തെളിഞ്ഞ ആകാശവും ശാന്തമായ കടലിനെയും കണ്ട് മനം നിറഞ്ഞ വിഴിഞ്ഞത്തെ തൊഴിലാളികൾ വൈകുന്നേരത്തോടെ മറ്റ് തീരങ്ങളിൽ നിന്നുള്ളവർക്കൊപ്പം വള്ളമിറക്കി. കൂടുതൽ മീൻ വാരാൻ ഉൾക്കടൽ വരെ പോയവരെ രാത്രി തന്നെ കടലമ്മവിരട്ടിയോടിച്ചു. വീശിയടിച്ച കൊടും കാറ്റിന്റെ പിടിയിൽ നിന്ന് രാത്രിയിൽ രക്ഷപ്പെട്ടവർ പുലർച്ചെയോടെ തീരത്തടുത്തു.
ഇളകി മറിയുന്ന കടലിൽ വരാനിരിക്കുന്ന അപകടത്തിന്റെ തീഷ്ണതയറിയാതെ 30 ന് പുലർച്ചെയോടെ വീണ്ടും ഉൾക്കടൽ ലക്ഷമാക്കി പുറപ്പെട്ടവരുടെ സ്വപ്നങ്ങളെ കലിയടങ്ങാത്ത കടൽ കശക്കിയെറിഞ്ഞു. വൻ ദുരന്തങ്ങൾ നേരിൽ കണ്ടറിയാത്ത മത്സ്യത്തൊഴിലാളികൾക്ക് കടലമ്മയെ വിശ്വാസമായിരുന്നു. അതു കൊണ്ട് തന്നെ ആദ്യമുണ്ടായ കടൽക്കലിയെ അവർ ഭയപ്പെട്ടില്ല.
പക്ഷെ സമയം കഴിയുംതോറുമുള്ള ഭാവമാറ്റം കണ്ടതോടെ പലരുടെയും മനസ് പതറാൻ തുടങ്ങി. ആകാശം മുട്ടെ ഉയരത്തിൽ വാ പിളർന്നടുത്ത തിരമാലകളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പാഞ്ഞ വള്ളങ്ങളെ, തിരമാലകൾ നിഷ്കരുണം തകർത്തെറിഞ്ഞു. കടലിനെ ഇരുട്ടു കൊണ്ട് മൂടി ഭീകരത സൃഷ്ടിച്ചു. ഇതെല്ലാം കണ്ട് പേടിച്ച് വിറച്ച് ചിതറിയോടിയ ചിലർ കഷ്ടിച്ച് രക്ഷപ്പെട്ടു. ഇവർ കരയിലെത്തി കാര്യങ്ങൾഅറിയിച്ചതോടെ തീരദേശ വാസികൾ ഞെട്ടി, കടൽകവിഞ്ഞ കൂട്ട നിലവിളിയായി തീർന്നു തീരപ്രദേശം.
എല്ലാം കഴിഞ്ഞ് രക്ഷാദൗത്യക്കാർ രംഗത്തിറങ്ങും മുൻപേ പലരും ഈ ലോകം വിട്ടകന്നിരുന്നു. വൻ തിരമാലകളുടെ കരാളഹസ്തങ്ങളിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവർ നിരവധി പേരുണ്ടായിരുന്നു. നടുക്കുന്ന ഓർമ്മകളുമായി തീരമണഞ്ഞവരെ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ച് കൊണ്ടുവരാൻ വീട്ടുകാർക്ക് മാസങ്ങൾ വേണ്ടിവന്നു.
ജീവൻ പൊലിഞ്ഞെന്ന് കരുതുന്ന 40 വയസിന് താഴെയുള്ളവരുടെ കുടുംബത്തിലെ ഒരാൾക്ക് വല നെയ്ത്ത് കേന്ദ്രത്തിൽ ജോലി നൽകി. പക്ഷെ ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത 32 കുടുംബത്തിലെ തൊഴിലാളികൾക്ക് പരിശീലന സമയത്ത് നൽകിയ കൂലിയിൽ നിന്ന് മാറ്റം വരുത്താനും അധികൃതർ മറന്നു.