കോതമംഗലം: കുട്ടന്പുഴയാറിലെ സത്രപ്പടിയിൽ കാട്ടാനക്കൂട്ടം നീരാട്ടിനിറങ്ങിയത് കൗതുകക്കാഴ്ചയായി. സത്രപ്പടി പുഴയിലെ കടവിൽ പത്തോളം കരിവീരന്മാരാണ് കുട്ടിയാനകളുമൊത്ത് മണിക്കൂറോളം നീരാട്ട് നടത്തിയത്. കാട്ടാനക്കൂട്ടങ്ങളുടെ സ്ഥിരം വിഹാരകേന്ദ്രമായ മാങ്കുളം ഫോറസ്റ്റ് ഡിവിഷനിലെ ആനക്കുളത്തിന്റെ തനിപ്പകർപ്പായി മാറുകയാണ് കുട്ടന്പുഴയാറിന്റെ സത്രപ്പടി ഭാഗം.
സമീപകാലത്തായി പകൽ സമയങ്ങളിൽ കാട്ടാനകൾ പ്രദേശത്ത് സ്ഥിരമായി തന്പടിക്കുകയാണ്. കുട്ടന്പുഴയിൽ ടൂറിസം വികസനം നടപ്പാക്കണമെന്ന് മുറവിളി ഉയർന്നു തുടങ്ങിയിട്ട് നാളുകളായി. പ്രകൃതിയൊരുക്കിയ കാനന ഭംഗി ആവോളം നുകരാനും അപകടരഹിതമായി കാട്ടാനക്കൂട്ടത്തെ വീക്ഷിക്കാനും സംസ്ഥാനത്തെ ഏറ്റവും സൗകര്യമായ സ്ഥലമായി മാറിയിരിക്കുകയാണ് കുട്ടന്പുഴ. സ്ഥിരമായി കാട്ടാനക്കൂട്ടം ഇവിടെ തന്പടിക്കുന്നതോടെ വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായി ഈ പ്രദേശം മാറുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വേനൽ ചൂട് വർധിച്ചാൽ ആനകൾ കാടുവിട്ട് പുഴയുടെ തീരങ്ങളിൽ തന്പടിക്കുന്നത് സാധാരണമാണെങ്കിലും ദിവസേന എത്തുന്നത് പതിവല്ല. പകൽ സമയം മുഴുവനും ഇവിടെ തന്പടിച്ച് സന്ധ്യ മയങ്ങുന്പോഴാണ് ആനകൾ കാടു കയറുന്നത്. മാങ്കുളത്തെ ആനക്കുളത്തിന് സമാനമായി ആനകളെ ആകർഷിക്കുന്നതെന്തോ ഇവിടെ ഉണ്ടെന്നാണ് വനംവകുപ്പധികൃതർ പറയുന്നത്.
ഇന്നലെ രാവിലെ മുതൽ കുട്ടിയാനകളുമായി പുഴയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം സന്ധ്യയോടെ വനത്തിലേക്ക് മടങ്ങി. ഇതുവഴി വന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തി യാത്രക്കാർ സുന്ദരമായ ആനനീരാട്ട് കാഴ്ചകൾ ആസ്വദിച്ചാണ് യാത്ര തുടർന്നത്.