ശ്രീകണ്ഠപുരം: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കായികാധ്യാപകനെതിരേയും വിദ്യാർഥിനികളെ അശ്ലീലദൃശ്യം കാണിച്ചെന്ന പരാതിയിൽ ബാർബർ ഷോപ്പ് ഉടമയ്ക്കെതിരേയും കേസ്.
കായികാധ്യാപകൻ പയ്യാവൂർ മാവുംതോടെ സജി (47) ക്കെതിരേയും ചന്ദനക്കാംപാറയിലെ ബാർബർ ഷോപ്പ് ഉടമയ്ക്കെതിരേയുമാണ് പയ്യാവൂർ പോലീസ് കേസെടുത്തത്. സജിയെ ഇന്നു രാവിലെ എസ്ഐ പി.സി.രമേശന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റുചെയ്തു. പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ ഇയാളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ നാട്ടുകാർ കൈകാര്യം ചെയ്തു.
കണ്ണൂരിൽ കായികമത്സരത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. സ്കൂളിൽ ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ കൗൺസിലിംഗിലായിരുന്നു വിദ്യാർഥിനി പീഡനത്തെക്കുറിച്ച് മൊഴി നൽകിയത്.
ഇതേത്തുടർന്ന് മൊഴിപ്പകർപ്പുകൾ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് കൈമാറുകയും ഇവരുടെ നിർദേശകാരം പോലീസ് കേസെടുക്കുകയുമായിരുന്നു.