തളിപ്പറമ്പ്: നഗരത്തില്‍ ഓട്ടോറിക്ഷ സർവീസ് നടത്തുന്നതിന് നഗരസഭ അനുവദിക്കുന്ന പാര്‍ക്കിംഗ് നമ്പര്‍ ലഭിക്കുന്നതിനായി 80,000 മുതല്‍ ഒരു ലക്ഷം രൂപവരെ വാങ്ങുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം പുതുതായി 250 ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിംഗ് നമ്പര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചതായി നഗരസഭ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
പ്രമുഖ പത്രങ്ങളില്‍ അറിയിപ്പ് കണ്ട് അന്നുതന്നെ അപേക്ഷയുമായി എത്തിയവരോട് അപേക്ഷ സ്വീകരിക്കുന്നില്ലെന്നും 250 എണ്ണം പൂര്‍ത്തിയായെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നഗരസഭയില്‍ നിന്ന് മറുപടി നല്‍കിയത്. നവംബര്‍ 30 ആണ് അപേക്ഷിക്കാനുള്ള അവസാനദിവസമെന്ന് പറഞ്ഞ നഗരസഭയാണ് 21 ന് അപേക്ഷ നല്കാന് എത്തിയവരെ മടക്കി അയച്ചതെന്നാണ് ആക്ഷേപം.
ഇതേപ്പറ്റിയുള്ള അന്വേഷണത്തിലാണ് നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോനമ്പര് മാഫിയയുടെ വിവരം പുറത്തായത്. നഗരസഭയിലെ ചിലരുമായി ചേര്‍ന്ന് ചില ഏജന്റുമാര്‍ മൊത്തമായി നമ്പര്‍ വാങ്ങി മറിച്ചുവില്‍ക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
നഗരസഭ പരിധിയില്‍ ഓട്ടോറിക്ഷ ഓടിക്കാനായി പാര്‍ക്കിംഗ് നമ്പര്‍ ലഭിക്കാന്‍ ഈ മാഫിയാ സംഘത്തെ സമീപിക്കുന്നവര്‍ക്ക് 80,000 മുതല്‍ ഒരു ലക്ഷം രൂപവരെ ഈടാക്കിയാണ് നമ്പര്‍ നല്‍കുന്നത്. ഇതിലൊരു വിഹിതം നഗരസഭയിലെ ചിലരും കൈപ്പറ്റുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു.
അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് ഓട്ടോ തൊഴിലാളി യൂണിയനുകള്‍ പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. ഈ രംഗത്ത് ചില വാഹന ബ്രോക്കര്‍മാര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് പാര്‍ക്കിംഗ് നമ്പര്‍ അനുവദിച്ചു കിട്ടുന്നതിന് പുറത്തുനിന്നുള്ള ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.