കണ്ണൂർ: നാനോ കാറിൽ ലോട്ടറി വില്പനയ്ക്കിടെ 350 ഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കീഴ്ത്തള്ളിയിൽ വച്ച് വേലു എന്ന വേലുരത്നത്തിനെ കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കാറിൽ പ്രത്യേക രീതിയിലുള്ള അറകൾ സജ്ജീകരിച്ചാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉച്ചവരെ ലോട്ടറി വില്പനയും അതിനുശേഷം കഞ്ചാവ് വില്പനയുമാണ് ഇയാൾ നടത്തിയിരുന്നതെന്നും സ്കൂൾ കോളജ് വിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും കഞ്ചാവ് എത്തിക്കുകയാണ് പതിവെന്നും എക്സൈസ് അധികൃതർ പറഞ്ഞു. ഇയാളുടെ പേരിൽ മുന്പും കഞ്ചാവ് കേസുണ്ട്.
പൊള്ളാച്ചിയിൽ നിന്നും ചെറിയ വിലക്ക് ലഭിക്കുന്ന കഞ്ചാവ് ചെറു പാക്കറ്റുകളാക്കി വലിയ വിലയ്ക്ക് വേലും വില്പന നടത്തുകയാണ്. കഞ്ചാവ് കച്ചവടത്തിന് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സി.വി.ദിലീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.പി.രതീഷ്, ബൈജേഷ്, പി.വി. ഗണേഷ് ബാബു എന്നിവരും ഉണ്ടായിരുന്നു..