കോഴിക്കോട്: ഗുരുവായൂരപ്പന് കോളജില്‍ ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ വിഷയത്തില്‍ നടപടിയില്ലെന്നാരോപിച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം. കോളജിലെ ചന്ദനമോഷണം തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ ആവശ്യമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. വിദ്യാര്‍ഥികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും പോലീസില്‍ പരാതിപ്പെടാന്‍ പ്രിന്‍സിപ്പല്‍ തയാറാവുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെയാണ് ഗുരുവായൂരപ്പന് കോളജ് കാമ്പസില്‍ നിന്ന് ചന്ദനമരം കട്ടിംഗ് മെഷീന് ഉപയോഗിച്ച് മുറിച്ച് കടത്തിയത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ അവ്യക്തമായി സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഈഭാഗത്തെ സിസിടിവി കാമറകള്‍ നേരത്തെ തന്നെമാറ്റിയതായും ആരോപണമുണ്ട്. സംഭവമറിഞ്ഞയുടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചിരുന്നെന്നും ഉച്ചയോടെ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ വി. ഇന്ദിരാദേവി പറഞ്ഞു. കോളജില്‍ പരീക്ഷകള്‍ നടക്കുന്നതുകൊണ്ടാണ് പരാതി നല്കാന് വൈകിയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അതേസമയം മോഷ്ടാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കസബ പോലീസ് അറിയിച്ചു. മാനേജ്മെന്റ് ഭൂമിയില്‍ നിന്നുമാണ് മരം മുറിച്ചത് എന്നതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. പൂര്‍ണമായും കുന്നിന്മുകളിലുള്ള കോളജില്‍ നിന്നും മരം മുറിച്ച് കടത്തിയസംഭവം പ്രദേശവാസികള്‍ക്കിടയിലും ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.