കോട്ടയം: വിനോദയാത്രക്കാലം തുടങ്ങിയതോടെ ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ ജില്ലയിലുടനീളം പരിശോധനകൾ തുടങ്ങി. ചില ടൂറിസ്റ്റ് വാഹനങ്ങളും വിനോദയാത്രക്കാരും നിരത്തിൽ സുരക്ഷാലംഘനം നടത്തുന്നതായുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു പരിശോധനകൾ ഗതാഗത വകുപ്പ് ആരംഭിച്ചത്. കൊല്ലത്ത് നിയമം ലംഘിച്ച് നടത്തിയ ടൂറിസ്റ്റ് ബസോട്ടത്തെത്തുടർന്നാണ് കോട്ടയം ജില്ലയിലെ ബസുകളിൽ നിരീക്ഷണം നടത്തുന്നത്.
ലേസർ ലൈറ്റുകൾ, പുക (സ്മോക്കർ), മ്യൂസിക് എയർഹോണ്‍, കാതടപ്പിക്കുന്ന മ്യൂസിക് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങൾ ബസുകളിൽ അനുവദനീയമല്ല. കാതടപ്പിക്കുന്ന ശബ്ദം കാരണം എതിരേവരുന്ന വാഹനങ്ങൾ ഹോണ്‍ മുഴക്കിയാൽ ഡ്രൈവർമാർ അറിയുന്നില്ല.
എതിരേവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതാണ് കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റുകൾ. നിയമപരമായി 125 ഡെസിബല്ലിനകത്തുള്ള ശബ്ദമാണ് വാഹനങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്നത്. റോഡിലും മൈതാനങ്ങളിലും ബസുകളുടെ പരേഡും മ്യൂസിക് ഹോണ്‍ മുഴക്കിയുള്ള ഓട്ടവും കുറ്റകരമാണ്.
അനുവദനീമായതിനേക്കാൾ ശക്തിയുള്ള വെളിച്ച ശബ്ദ സംവിധാനങ്ങൾ, ഒന്നിലധികം എയർ ഹോണുകൾ, ഓർഡിനറി സീറ്റുകളുടെ പെർമിറ്റിൽ പുഷ്ബാക്ക് സീറ്റുകൾ ഘടിപ്പിക്കുക തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ക്രമക്കേടുകൾ കണ്ടെത്തുന്ന ബസുകളിൽ നിന്നും പിഴ ഈടാക്കും. 1000 രൂപ വരെയാണ് ഏറ്റവും കുറഞ്ഞ പിഴ.
തുടർന്ന് അനധികൃതമായി ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ അഴിച്ചു മാറ്റിയശേഷം വീണ്ടും ബസുകൾ പരിശോധനയ്ക്ക് എത്തിക്കാൻ നിർദേശിക്കും. സ്കൂളുകളിൽ നിന്നും വിനോദയാത്രയ്ക്കു പോകുന്ന ബസുകളും പരിശോധിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നിരവധി ടൂറിസ്റ്റ് ബസുകൾ പരിശോധിച്ചതിൽ ആറു ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചു. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം. തോമസിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നത്.