തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദന്പതികളാണ് അജിത്തും ശാലിനിയും. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മുൻനിരയിലേക്ക് എത്തിയ താരമായിരുന്നു ശാലിനി. വിവാഹത്തോടെ അഭിനയത്തോട് ഗുഡ്ബൈ പറയുകയായിരുന്നു താരം.
താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഇന്നും ആരാധകർ ചോദിക്കാറുണ്ട്. അനൗഷ്കയുടേയും അദ്വൈകിന്റെയും കാര്യങ്ങളുമൊക്കെയായി ആകെ തിരക്കിലാണ് ശാലിനി. സിനിമയിൽ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റുമായി ഈ താരത്തെ കാണാറുമുണ്ട്.
അടുത്തിടെയായിരുന്നു ശാലിനി 40-ാം പിറന്നാൾ ആഘോഷിച്ചത്. ഇത്തവണത്തെ പിറന്നാളിന് വ്യത്യസ്തമായ സമ്മാനമായിരുന്നു ഭാര്യക്ക് അജിത്ത് നൽകിയത്. അജിത്തും ശാലിനിയും ഒരുമിച്ചുള്ള മനോഹരനിമിഷത്തിന്റെ ചിത്രങ്ങളുമായാണ് ആരാധകർ പിറന്നാൾ ആശംസ അറിയിക്കാനെത്തിയത്. ചെന്നൈയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇവരുടെ ചിത്രങ്ങളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
ഇതിനിടയിലാണ് ഭാര്യക്കായി തല നൽകിയ സർപ്രൈസിനെക്കുറിച്ചുള്ള വിശേഷങ്ങൾ പുറത്തുവന്നത്. ചെന്നൈയിലെ ലീലാ പാലസിൽ ശാലിനിക്കായി അജിത്ത് പ്രത്യേക വിരുന്നൊരുക്കിയിരുന്നു. ബീച്ചിനഭിമുഖമായുള്ള ഹോട്ടലുകളോട് ശാലിനിക്ക് പ്രത്യേക താൽപര്യമാണ്. ഇതേക്കുറിച്ചറിയാവുന്ന അജിത്താവട്ടെ ഒരു കോട്ടേജ് തന്നെ ബുക്ക് ചെയ്യുകയായിരുന്നു.
കുട്ടിക്കാലം മുതലുള്ള ശാലിനിയുടെ ചിത്രങ്ങളും മനോഹരമായ നിമിഷങ്ങളുമൊക്കെ അദ്ദേഹം പുനരാവിഷ്ക്കരിച്ചിരുന്നു. ഇതൊക്കെ കണ്ടപ്പോൾ ശാലിനി അതീവ സന്തോഷവതിയായിരുന്നു. എന്നാൽ അതിനിടയിലാണ് മറ്റൊരു വലിയ സന്തോഷം താരത്തിന് ലഭിച്ചത്. ഡിന്നറിന് പോവുന്നതിനെക്കുറിച്ച് പറഞ്ഞുവെങ്കിലും ശാലിനിയുടെ അടുത്ത സുഹൃത്തുക്കളും പരിപാടിയിലേക്കായി എത്തുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് അജിത്ത് വിട്ടുപറഞ്ഞിരുന്നില്ല. കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളെക്കൂടി കണ്ടതോടെയാണ് ശാലിനി അന്പരന്നത്. ഇതുംകൂടിയായപ്പോൾ ശാലിനിയുടെ സന്തോഷം ഇരട്ടിക്കുകയായിരുന്നു.
താരപദവിയില്ലാതെ സാധാരണക്കാരുമായി ഇടപഴകുന്ന അജിത്ത് കുടുംബത്തിന് പ്രത്യേക പരിഗണനയാണ് നൽകുന്നത്. അമർക്കളമെന്ന ചിത്രത്തിനിടയിൽ വച്ചായിരുന്നു ശാലിനിയും അജിത്തും പ്രണയത്തിലാവുന്നത്. സ്ക്രീനിൽ മാത്രമല്ല ആ പ്രണയം ജീവിതത്തിലേക്കും പകർത്താനായി ഇരുവരും തീരുമാനിക്കുകയായിരുന്നു.
അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചു. 2000-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തോടെ ശാലിനി അഭിനയം അവസാനിപ്പിക്കുകയായിരുന്നു. മികച്ച അവസരങ്ങൾ തേടിയെത്തിയിരുന്നുവെങ്കിലും താരം സ്വീകരിച്ചിരുന്നില്ല.