കാട്ടാക്കട: വായ്പ എടുത്തു നൽകാമെന്ന് വിശ്വസിപ്പിച്ച് ഇടപാടുകാരിൽ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മിനിമോളെ റിമാൻഡു ചെയ്തു.
പേയാട് ജംഗ്ഷനിലെ നന്ദനം ഗ്രൂപ്പ് എന്ന സ്ഥാപനത്തിനെതിരെ ഇരുപതോളം പേരാണ് വിളപ്പിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിക്കാരുടെ എണ്ണം ഇനിയും കൂടുമെന്ന് പോലീസ് പറഞ്ഞു.
10000 മുതൽ ഒരു ലക്ഷം വരെ വായ്പ എടുത്തു നൽകുന്നതിന് ഇടപാടുകാരിൽ നിന്ന് മിനിമോൾ കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ടെന്നും ബ്ലാങ്ക് ചെക്കുകൾ, പ്രമാണത്തിന്റെ പകർപ്പ് എന്നിവയും വാങ്ങിയിട്ടുണ്ടെന്ന് വിളപ്പിൽശാല സിഐ ബി.എസ്. സജിമോൻ, എസ്ഐ ഷിബു എന്നിവർ പറഞ്ഞു.
യാതൊരു ജാമ്യവുമില്ലാതെ 25000 രൂപവരെ സ്ത്രീകൾക്ക് വായ്പ നൽകിയാണ് ഇവർ ആളുകൾക്കിടയിൽ വിശ്വാസ്യത ഉണ്ടാക്കി എടുക്കുന്നത്. അതിനുശേഷം പ്രമാണത്തിന്റെയും കരം തീർത്ത രസീതിന്റെയും പകർപ്പ്, ചെക്ക് ലീഫ്, ആധാർ കോപ്പി തുടങ്ങിയവ നൽകിയാൽ കുറഞ്ഞ പലിശയിൽ വിവിധ ദേശസാത്കൃത ബാങ്കുകളിൽ നിന്ന് ഒരു ലക്ഷം മുതൽ 20 ലക്ഷം വരെ വായ്പ നൽകാമെന്ന് സ്ഥാപനത്തിലെ ജീവനക്കാർ ഇടപാടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് രേഖകളും പണവും വാങ്ങുന്നതെന്ന് പോലീസ് പറഞ്ഞു.