മഞ്ഞുകാലമെത്തിയതോടെ ജീവികളെല്ലാം തണുപ്പില്‍ നിന്ന് രക്ഷനേടാനുള്ള പരക്കംപാച്ചിലാണ്. കരടികളും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ല. അതുകൊണ്ട് തന്നെ കരടികള്‍ അധികമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാഹനങ്ങളും വീടുകളും പൂട്ടാതെ പുറത്തുപോകരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കാരണം കരടികള്‍ ഏതു സമയത്തും ഭക്ഷണമന്വേഷിച്ച് ഇവിടേക്കെത്തിയേക്കാം എന്നതുതന്നെ. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ കലിഫോര്‍ണിയയില്‍ നിന്നും പുറത്തു വരുന്നത്.
താഹോ തടാകത്തിനു സമീപമുള്ള വീടിനു മുന്നിലാണ് സംഭവം നടന്നത്. കടുത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചാണ് കൂറ്റന്‍ കരടി വീട്ടിലേക്കെത്തിയത്. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ്യുവിയുടെ വാതില്‍ തുറന്ന് അകത്ത് കയറുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. കരടി വാഹനത്തിന്റെ ഉള്ളില്‍ കയറുന്നതും വാതില്‍ അടയുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനത്തിനുള്ളില്‍ ഭക്ഷണമുണ്ടോയെന്ന് അന്വേഷിച്ചെത്തിയതാകാം കരടിയെന്നാണ് നിഗമനം. പട്ടാപ്പകലായിരുന്നു സംഭവം. അയല്‍വീട്ടുകാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കാറിനുള്ളില്‍ അകപ്പെട്ട കരടിയെ മറുവശത്തെ വാതില്‍ തുറന്നു കൊടുത്ത് ഒരു കുട്ടി സ്വതന്ത്രനാക്കി. വാഹനത്തിനു പുറത്തെത്തിയ കരടി മഞ്ഞിലൂടെ നടന്നു മറയുകയും ചെയ്തു. കരടികള്‍ ഏറെയുള്ള പ്രദേശമാണ് താഹോ. ബെയര്‍ കണ്ട്രി എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. കഴിഞ്ഞ മാസവും സമാനമായ സംഭവം ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കാറിനുള്ളില്‍ കയറിയ കരടി പുറത്തിറങ്ങാനാവാതെ കാറിന് കാര്യമായ നാശനഷ്ടങ്ങളും വരുത്തിയിരുന്നു. എന്തായാലും ഇവിടുത്തെ ആളുകള്‍ കരടിയെപ്പേടിച്ചാണ് ഇപ്പോള്‍ കഴിയുന്നത്.