വീട്ടമ്മയുടെ നഗ്നചിത്രം പ്രകര്ത്തിയെന്ന കുറ്റം ചാര്‍ത്തി പോലീസ് അറസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥി നിരപരാധിയെന്നു ക്രൈം ബ്രാഞ്ച്. കേസിനെ തുടര്‍ന്ന് നിരവധി കൗണ്‍സിലിംഗിനു ശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയുടെ നിരപരാധിത്വം തെളിഞ്ഞത്. പന്തളം മങ്ങാരം നെടുങ്ങോട്ടുവീട്ടില് മെബിന് ഷാജി(19) എന്ന വിദ്യാര്‍ത്ഥിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. മെബിനെ കള്ളക്കേസില്‍ കുടുക്കിയ പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി.
അടൂരില്‍ ബി.ബി.എ. ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരുന്ന മെബിന് കള്ളകേസിനെ കേസിനെത്തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 19 ന് രണ്ടുപേര്‍ മെബിനെ അന്വേഷിച്ചു വീട്ടിലെത്തി. കൊറിയര്‍ സ്ഥാപനത്തില്‍നിന്നും വരികയാണെന്നും വന്നു കൊറിയര്‍ കൈപ്പറ്റണമെന്നായിരുന്നു ആവശ്യം. പുറത്തിറങ്ങിയതോടെ ഒരാള്‍ മെബിന്റെ മൊെബെല്‍ ഫോണ്‍ പിടിച്ചുവാങ്ങി. അപ്പോഴാണു പൊലീസാണ് കൊണ്ടു പോകുന്നതെന്നു മെബിന് അറിയുന്നത്. പന്തളം സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസുകാരന് ഫോണുമായി സിഐയുടെ ഓഫീസിലേക്ക് പോയി.
സിഐ ഇ.ഡി.ബിജു മെബിനെ വിളിപ്പിച്ചു ഫോണിലെ ഫോട്ടോകള്‍ പരിശോധിച്ച ശേഷം പുറത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഈ സമയം എസ്ഐ ജോബിന് ജോര്‍ജ് ഫോണിലെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തത് എന്തിനാണെന്ന് ചോദിച്ചുകൊണ്ട് മെബിനു നേരേ കയര്‍ത്തു. ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടില്ലെന്നും സിഐ. കണ്ടതാണെന്നും പറഞ്ഞെങ്കിലും എസ്ഐയ്ക്ക് സമാധാനമായില്ല. പന്തളത്തുള്ള ഒരു വീട്ടില്‍ മെബിനും സുഹൃത്തും അതിക്രമിച്ച് കടന്ന് വീട്ടമ്മ കുളിക്കുന്ന രംഗം മൊബെലില്‍ പകര്‍ത്തിയെന്നായിരുന്നു എസ്ഐയുടെ ആരോപണം.
നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും ആരോപിച്ച് പോലീസ് കേസെടുക്കുകയും ചെയ്തു.
കേസില്‍ മെബിന് രണ്ടാം പ്രതിയാണ്. ഒന്നാം പ്രതിയുടെ പേര് തിരക്കിയായിരുന്നു പിന്നീടുള്ള ചോദ്യം ചെയ്യല്‍. ഏതെങ്കിലുമൊരു സുഹൃത്തിന്റെ പേരുപറയാതെ രക്ഷയില്ലെന്നുമായിരുന്നു ഭീഷണി. എന്നാല്‍, ചെയ്യാത്ത കുറ്റം തന്റെ മേല്‍ ആരോപിക്കുകയാണെന്ന നിലപാടില്‍ മെബിന് ഉറച്ചുനിന്നു.
ഫ്രീക്കന്‍ സ്റ്റൈലില്‍ മുടിയും കൈയില്‍ ബ്രേസ്ലെറ്റും ചരടുമുള്ള യുവാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ള നിഗമനത്തിലാണ് പൊലീസ് മെബിനെ കസ്റ്റഡിയില്‍ എടുത്തത്. ക്രിമിനല്‍ കേസുകളിലെ പ്രതിയും കഞ്ചാവ് മാഫിയയില്‍ ഉള്‍പ്പെട്ട വ്യക്തിയുമാണെന്നായിരുന്നു പൊലീസ് ഭാഷ്യം. മെബിന്റെ പേരില്‍ ഇതുവരെ കേസൊന്നും ഉണ്ടായിട്ടില്ലെന്നും ഇയാള്‍ ലഹരി ഉപയോഗിക്കാറില്ലെന്നും നാട്ടുകാര്‍ ആണയിട്ടിട്ടും ഒരു പ്രയോജനവുമുണ്ടായില്ല.
ഇതിനിടെ തെളിവ് നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് മെബിന്റെ കൂട്ടുകാരെയും ഭീഷണിപ്പെടുത്തി. മാപ്പുസാക്ഷിയാക്കാമെന്നും അല്ലെങ്കില്‍ പോക്സോ കേസില്‍പ്പെടുത്തുമെന്നും പൊലീസ് പറഞ്ഞെങ്കിലും ആരും മെബിനെതിരെ ആരോപണവുമായി രംഗത്തെത്തിയില്ല. അറസ്റ്റ് ചെയ്ത ശേഷം മെബിനെ അടൂര്‍ കോടതിയില്‍ എത്തിച്ചത് 48 മണിക്കൂറിനു ശേഷമായിരുന്നുവെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
14 ദിവസത്തെ റിമാന്‍ഡിന് ശേഷം മെബിന് ജാമ്യത്തില്‍ ഇറങ്ങിയതോടെ മാതാവ് സൂസമ്മ ഷാജി പന്തളം സിഐ, പത്തനംതിട്ട എസ്പി, ഡി.ജി.പി എന്നിവര്‍ക്ക് പരാതി സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. മെബിന് യാതൊരുവിധ കുറ്റകൃത്യത്തിലും അകപ്പെട്ടിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ സി.ആര്.പ്രമോദ് നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായതെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.