കൊച്ചി: സിനിമാ ലൊക്കേഷനുകളിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന നിർമാതാക്കളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണം വേണമെന്നു ജസ്റ്റീസ് ബി. കെമാൽ പാഷ. സെറ്റുകളിൽ പരിശോധന നടത്താനും കേസെടുക്കാനും പരാതി വേണമെന്ന മന്ത്രി എ.കെ. ബാലന്റെ നിലപാടു വിവരക്കേടാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
ലഹരി വസ്തുക്കളുടെ ഇടപാട് 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കേസിൽ വധശിക്ഷപോലും ലഭിക്കാം. ഇക്കാര്യത്തിൽ പോലീസിനു മന്ത്രി ഉൾപ്പെടെ ആരുടെയും അനുമതി ആവശ്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് ഇടപാടുകൾക്ക് അനുമതിയുള്ളതുപോലെയാണ് ന്യൂജെൻ എന്നുപറയപ്പെടുന്നവരുടെ രീതി.
ലഹരിമരുന്ന് കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകൃത്യമെന്നിരിക്കെയാണ് ഇത്തരത്തിലുള്ള രീതികൾ. കഠിനതടവിനുപുറമെ 20 ലക്ഷം രൂപ വരെ പിഴയും വിധിക്കുന്ന കുറ്റമാണിത്. എന്നാൽ, ഇതിനു തെളിവു കൊടുക്കണമെന്നു മന്ത്രി പറയുന്നതു മനസിലാവുന്നില്ല. അന്വേഷിച്ച് തെളിവു കണ്ടെത്തേണ്ടതു പോലീസാണ്. അവർ പരിശോധിക്കണം. പരിശോധന അപ്രായോഗികമാണെന്നു പറയുന്നത് എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.