പെരുവ: 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം അനധികൃതമായി പാടം നികത്തിയതിന് കോട്ടയം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കേസെടുത്തു. മുളക്കുളം സ്വദേശി അനിൽ തോമസിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മുളക്കുളം വില്ലേജ് ഓഫീസർ സജില വർഗീസാണ് കേസ് ഫയൽ ചെയ്തത്.
ഇതേതുടർന്ന് ഇദ്ദേഹത്തിന് സമൻസ് അയച്ചു. വില്ലേജ് ഓഫീസർ പല തവണ സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്താണ് നിയമത്തെ വെല്ലുവിളിച്ച് ഇദേഹം മണ്ണടി തുടരുകയായിരുന്നു. മുളക്കുളം വില്ലേജിൽ കുന്നപ്പിള്ളി പാന നടപ്പാലത്തിന് സമീപവും അവർമ ജംഗ്ഷനിലുമാണ് പാടം നികത്ത് വ്യാപകമായിരിക്കുന്നത്.
അവധി ദിവസങ്ങളിലും രാത്രിയിലുമായാണ് ഇവിടങ്ങളിൽ മണ്ണ് അടിച്ചത്. രണ്ട് തവണ സ്റ്റോപ്പ് മെമ്മോ നൽകിയതാണെന്നും പാടത്തടിച്ച മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാലാ ആർഡിഒയ്ക്ക്് റിപ്പോർട്ട് നൽകിയിട്ടുള്ളതാണെന്നും മുളക്കുളം വില്ലേജ് ഓഫീസർ പറഞ്ഞു. എന്നാൽ ഇതെല്ലം വകവയ്ക്കാതെ മണ്ണടി തുടരുകയായിരുന്നു.